ഗാന്ധിനഗര്‍: കൊവിഡ് 19(Covid 19) നിലവില്‍ മഹാമാരിയല്ലെങ്കിലും ഇപ്പോഴും ആഗോള ആരോഗ്യത്തിന് ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന (WHO) ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു. അതുകൊണ്ടുതന്നെ കൊറോണ വൈറസിന്‍റെ പുത്തന്‍ വകഭേദങ്ങള്‍ ഇതിനോടകം നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള മഹാത്മാ മന്ദിര്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജി20 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശങ്ക വേണ്ട, കരുതല്‍ മതി:കൊവിഡ് 19 ഇപ്പോള്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ല. എന്നാല്‍ ആഗോള ആരോഗ്യ ഭീഷണിയായി തന്നെ തുടരുന്നു. അടുത്തിടെ വലിയ രീതിയില്‍ പടരുന്ന പുതിയ വകഭേദത്തെ കണ്ടെത്തി. BA.2.86 എന്ന ഈ വകഭേദം നിലവില്‍ നിരീക്ഷണത്തിലാണെന്നും എല്ലാ രാജ്യങ്ങളും നിരീക്ഷണം ശക്തമാക്കേണ്ട ആവശ്യകത ഉയര്‍ന്നിട്ടുണ്ടെന്നും ഡോ. ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിയിൽ അംഗീകരിക്കാൻ കഴിയുന്ന തരത്തിൽ മഹാമാരി അവസാനിച്ചുവെന്ന് ഉറപ്പാക്കുന്ന നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം എല്ലാ രാജ്യങ്ങളോടും അഭ്യർഥിക്കുകയും ചെയ്‌തു.
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍:ആരോഗ്യം അപകടത്തിലായാല്‍ എല്ലാം അപകടത്തിലായെന്ന പ്രധാനപ്പെട്ട പാഠം നമ്മളെ പഠിപ്പിച്ചത് കൊവിഡാണെന്നും ഇന്നും ലോകം മഹാമാരിയുടെ വേദനാജനകമായ പാഠങ്ങള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരി അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളും അന്താരാഷ്‌ട്ര ആരോഗ്യ ചട്ടങ്ങളിലെ ഭേദഗതികളും പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. മഹാവ്യാദിയുടെ എല്ലാ സാരാംശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രമായ പാന്‍ഡമിക് ഉടമ്പടി ചര്‍ച്ച ചെയ്യുന്നതിന് നിങ്ങളുടെ ആത്മാര്‍ഥമായ പരിശ്രമം കൂടി തേടുന്നതായും ഒരിക്കല്‍ സംഭവിച്ച തെറ്റുകള്‍ പിന്നീട് ആവര്‍ത്തിക്കാന്‍ നമ്മള്‍ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.