ഹൈദരാബാദ്:നഗരത്തിലെ ജൈന സമൂഹത്തിന് വേണ്ടി സംസ്ഥാന സർക്കാർ നിശ്ചയിച്ച വിലയ്‌ക്ക് 500 രൂപ സബ്സിഡി നൽകിക്കൊണ്ട് കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് ശ്രീ ജൈന ശ്വേതാംബർ തെരപന്തി സഭ അറിയിച്ചു. വാക്‌സിൻ വാങ്ങുന്നതിനും ജനങ്ങൾക്ക് നൽകുന്നതിനുമായി സംഘാടകർ അപ്പോളോ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ട്.
10 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിട്ടിരിക്കുന്നത്. ജൂൺ 15 വരെ തുടരുന്ന ഈ വാക്‌സിനേഷൻ പരിപാടി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ വ്യാഴാഴ്‌ച ഉദ്ഘാടനം ചെയ്തു.
കുറഞ്ഞ ചെലവിൽ വാക്‌സിൻ
സ്വകാര്യ ആശുപത്രികൾ കോവിഷീൽഡിന് 1,000 രൂപയും കോവാക്‌സിന് 1400 രൂപയും ഈടാക്കുമ്പോൾ ഈ ഡ്രൈവിൽ സബ്‌സിഡി നിരക്കിൽ കോവിഷീൽഡിന് 500 രൂപയും കോവാക്‌സിന് 900 രൂപയുമാകും ഈടാക്കുന്നതെന്നും വാക്‌സിനേഷൻ ഡ്രൈവ് കോർഡിനേറ്റർ പീയൂഷ് ജെയിൻ പറഞ്ഞു.
ഈ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ജൈന സമൂഹത്തിലെ എല്ലാവർക്കും വാക്‌സിനേഷൻ സേവനം വാഗ്‌ദാനം ചെയ്യും. ആദ്യദിനം തന്നെ ഏകദേശം 2,000ത്തോളം പേർ വാക്‌സിനേഷന് രജിസ്‌റ്റർ ചെയ്‌തു. 4,000 മുതൽ 5,000 വരെ ആളുകൾക്ക് വാക്‌സിൻ എത്തിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കണം
ഇത്തരം വാക്‌സിനേഷൻ ഡ്രൈവുകൾ ജനങ്ങൾക്ക് വലിയ തോതിൽ വാക്‌സിൻ എത്തിക്കാൻ സഹായിക്കുമെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പ്രതികരിച്ചു. സമൂഹത്തിലെ ദരിദ്ര വിഭാഗത്തെ സഹായിക്കാനും അവർക്ക് സമാനമായ സൗകര്യങ്ങൾ നൽകാനും എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മറ്റ് പ്രദേശങ്ങളിലേക്കും ഡ്രൈവ് വിപുലീകരിക്കും
അതേസമയം ജൈന സമുദായത്തിലെ എല്ലാ ജനങ്ങളോടും വാക്‌സിൻ സ്വീകരിക്കാൻ ശ്രീ ജൈന ശ്വേതാംബർ തെരപന്തി സഭ വൈസ് പ്രസിഡന്‍റ് ദിലീപ് ദാഗ ആഹ്വാനം ചെയ്‌തു. കൂടാതെ പദ്ധതിക്ക് നിരവധി സംഭാവനകൾ ലഭിച്ചുവെന്നും വാക്‌സിനേഷൻ പരിപാടി വിപുലീകരിക്കുന്നതിനും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമായി ആ ഫണ്ടുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read:തെലങ്കാന ആശ്വാസതീരത്തേക്ക്: കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്, രോഗ മുക്തി നിരക്കില്‍ വര്‍ധന