ഹൈദരാബാദ്:ചികിത്സാ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന്‍റെ പേരിൽ ഹൈദരാബാദിലെ വിരിഞ്ചി ആശുപത്രിക്ക് കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള അനുമതി തെലങ്കാന ആരോഗ്യ വകുപ്പ് റദ്ദ് ചെയ്തു. ആശുപത്രി ഡോക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെത്തുടർന്ന് കൊവിഡ് രോഗി മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. നാൽഗൊണ്ട സ്വദേശി ശ്രീ വാംസി കൃഷ്ണയാണ് മരണപ്പെട്ടത്.
മരിച്ചയാളുടെ ബന്ധുക്കളുടെ പരാതി ലഭിച്ചതിനെത്തുടർന്ന് മെയ് 27ന് പബ്ലിക് ഹെൽത്ത് ആന്‍റ് ഫാമിലി വെൽഫെയർ ഡയറക്ടറേറ്റ് ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ നോട്ടീസിന് വിശദീകരണം നൽകാനും വകുപ്പ് ആശുപത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നോട്ടീസിന് വിശദീകരണം നൽകാൻ ആശുപത്രി അധികൃതർ പരാജയപ്പെട്ടതോടെ തെലങ്കാന അലോപ്പതി പ്രൈവറ്റ് മെഡിക്കൽ കെയർ എസ്റ്റാബ്ലിഷ്‌മെന്‍റ്സ് (രജിസ്ട്രേഷൻ & റെഗുലേഷൻ) ആക്ട് - 2002, പകർച്ചവ്യാധി നിയമം - 1897 എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം അനുമതി റദ്ദാക്കുകയായിരുന്നു.