ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപൻഡും പത്ത് ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ് പൂർത്തിയാകുമ്പോൾ മുതലാണ് പ്രതിമാസം സ്റ്റൈപൻഡ് ലഭിക്കുകയെന്നും 23 വയസാകുമ്പോൾ 10 ലക്ഷം രൂപയും പി.എം കെയറിൽനിന്നും നൽകുമെന്നും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ALSO READ:സുശീല്‍ കുമാറിന്‍റെ പൊലീസ് കസ്റ്റഡി നീട്ടി ഡല്‍ഹി കോടതി
തീരുമാനം, പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തില്‍
കൊവിഡ് മൂലം മാതാപിതാക്കളെയോ ബന്ധുക്കളെയോ നഷ്ടപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. കുട്ടികൾ രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നു. അവരെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും രാജ്യം സാധ്യമായതെല്ലാം ചെയ്യും. കുട്ടികള്‍ ശക്തമായ പൗരന്മാരായി വളരുകയും അവര്‍ക്ക് അതിലൂടെ ശോഭനമായ ഭാവിയുണ്ടാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി യോഗത്തിൽ പറഞ്ഞു.
23 വയസായാല്‍ 10 ലക്ഷം രൂപ പിന്‍വലിക്കാം
കുട്ടിയുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയിൽനിന്നും ഉപരിപഠനത്തിനിടെയുള്ള വ്യക്തിഗത ആവശ്യങ്ങൾക്കായി സ്റ്റൈപൻഡ് ലഭ്യമാക്കും. 23 വയസ് പൂർത്തിയാകുന്നതോടെ വ്യക്തിഗത ആവശ്യത്തിനോ തൊഴിൽ ആവശ്യത്തിനോ ഈ തുക പിൻവലിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ, സ്വകാര്യ സ്കൂളിലോ പ്രവേശനം ഉറപ്പാക്കുമെന്നും സ്വകാര്യ സ്കൂളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളുടെ ഫീസ് പി.എം കെയറിൽനിന്നും അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. യൂണിഫോം, പുസ്തകങ്ങൾ എന്നിവയ്ക്കുള്ള തുകയും അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.