ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. കേരളം, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. കൊവിഡ് ക്ലസ്റ്ററുകൾ സൂക്ഷ്‌മമായി നിരീക്ഷിക്കാനും മതിയായ എണ്ണം പരിശോധനകൾ നടത്താനും സാമ്പിളുകൾ അയയ്ക്കാനുമാണ് കത്തില്‍ പറയുന്നത്.
രാജ്യത്തെ കൊവിഡ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് നിരക്ക് വര്‍ധിക്കുന്നതായി കണ്ടു. അതിനാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് കൊവിഡ് 19 നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. വൈറസിന്‍റെ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പടെയുള്ള അഞ്ച് നിര്‍ദേശങ്ങളും കത്തിലുണ്ട്.