ന്യൂഡല്‍ഹി: രാജ്യത്ത് 1,890 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. സജീവ കേസുകൾ 9,433 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍.
കഴിഞ്ഞ വർഷം ഒക്‌ടോബർ 28ന് ഒരു ദിവസം 2,208 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഏഴ് മരണത്തോടെ ആകെ മരണ സംഖ്യ 5,30,831 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമായി രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.56 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനവുമാണ്. നാല് കോടി നാല്‍പത്തിരണ്ട് ലക്ഷത്തിലധികം പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. രാജ്യത്ത് നടന്ന വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.65 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.
അതേസമയം കേരളത്തിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള സംസ്ഥാനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികള്‍ കൂടുതലാണ്.
കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍: കേരളത്തിലെ കൊവിഡ് കേസുകള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. രാജ്യത്തെ മൊത്തം രോഗ ബാധിതരില്‍ 26.4 ശതമാനം കേരളത്തിലാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 11, 12 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലെയും പൊതു, സ്വകാര്യ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്താനാണ് നിര്‍ദേശം. കൊവിഡ് നേരിടുന്നതിന് ആശുപത്രികള്‍ നടത്തുന്ന തയാറെടുപ്പുകള്‍ പരിശോധിക്കുക, മരുന്നുകള്‍, കിടക്കകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയുടെ കണക്കെടുപ്പ് എന്നിവയാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. മോക് ഡ്രില്ലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നാളെ (മാര്‍ച്ച് 27)ന് ചേരുന്ന വെര്‍ച്വല്‍ മീറ്റിങ്ങില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവയ്‌ക്കും.
ആശങ്ക വേണ്ട, ജാഗ്രത മതി:കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍ ഉള്ളതെങ്കിലും എല്ലാ ജില്ലകളിലും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കുകയുണ്ടായി. ഒരു ഇടവേളയ്‌ക്ക് ശേഷം കൊവിഡ് വീണ്ടും സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.
ആശങ്കപ്പെടേണ്ടതില്ലെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിലൂടെ വൈറസിനെ അകറ്റി നിര്‍ത്താനാകും എന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം. ആശുപത്രിയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ട്. രോഗികള്‍, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.