ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് പരീക്ഷണം മികച്ച ഫലങ്ങൾ കാണിച്ചതായി കൊവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പറഞ്ഞു. പരീക്ഷണത്തിനിടെ ഗുരുതര പ്രത്യാഘാതങ്ങൾ കാണിച്ചില്ലെന്നും ഭാരത് ബയോടെക് അറിയിച്ചു.
രണ്ടാം ഡോസ് കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസ് എടുത്ത 90 ശതമാനം പേരിലും കൊറോണ വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്‍റീബോഡി ഉണ്ടായിരുന്നു. മറ്റ് വാക്‌സിനുകളേക്കാൾ കൊവാക്‌സിന്‍റെ ബൂസ്റ്റർ ഡോസിന് പ്രത്യാഘാതങ്ങൾ കുറവായിരുന്നു. ബൂസ്റ്റർ ഡോസ് എടുത്തവരിൽ കൊവിഡിന്‍റെ വൈൽഡ് ടൈപ്പ്, ഡെൽറ്റ വകഭേദങ്ങളെ നിർവീര്യമാക്കാൻ പോന്ന ടേറ്ററുകൾ മറ്റ് രണ്ട് ഡോസുകളെ അപേക്ഷിച്ച് അഞ്ച് ഇരട്ടി കൂടുതലാണെന്നും ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.