ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് താത്‌കാലിക പൂട്ടിടാന്‍ ഉത്തരവിട്ട് ബെംഗളൂരു കോടതി. ആഗോളതലത്തില്‍ തരംഗം സൃഷ്‌ടിച്ച കെജിഎഫ് ചാപ്റ്റർ 2വിന്‍റെ സംഗീതം പകര്‍പ്പവകാശം ലംഘിച്ച് ഉപയോഗിച്ചതിന് എതിരെയാണ് ബെംഗളൂരു വാണിജ്യ കോടതി ഇന്ന് ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. വന്‍ തുക നല്‍കിയാണ് തങ്ങള്‍ കെജിഎഫ് 2വിന്‍റെ പകര്‍പ്പവകാശം വാങ്ങിയതെന്ന് എംആർടി മ്യൂസിക് കോടതിയെ അറിയിച്ചിരുന്നു.
കെജിഎഫ് പാട്ട് തിരിച്ചടിയായി; കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിടും
ഭാരത് ജോഡോ യാത്രയുടെ വീഡിയോയില്‍ കെജിഎഫ് ചാപ്‌റ്റര്‍ 2വിലെ പാട്ട് ഉപയോഗിച്ചതിന് ബെംഗളൂരു വാണിജ്യ കോടതിയാണ് പകര്‍പ്പവകാശ ലംഘനത്തിന് ഉത്തരവിട്ടത്
കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് സ്ഥിരം നിരോധനാജ്ഞ നടപ്പാക്കണമെന്ന ആവശ്യമാണ് എംആർടി മ്യൂസിക് ഹർജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വാദം പിന്നീട് പരിഗണിക്കുമെന്ന് ജസ്റ്റിസ് ലതാകുമാരി അറിയിച്ചു. കെജിഎഫ് ഗാനങ്ങൾ ഭാരത് ജോഡോ യാത്രയുടെ പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതിന്‍റെ സിഡികൾ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 'കെജിഎഫ് 2വിന്‍റെ ഒറിജിനൽ സംഗീതം തന്നെയാണ് കോൺഗ്രസ് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉപയോഗിച്ചത്. പകര്‍പ്പവകാശ ലംഘനമുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.