വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് സമുച്ചയത്തിന്‍റെ ശാസ്‌ത്രീയ സർവേ (Gyanvapi Mosque Complex Survey Work) പൂർത്തിയാക്കാന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (Archaeological Survey of India) കൂടുതൽ സമയം തേടുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് വാരാണാസി ജില്ലാ കോടതി (Court Angry Over ASI on Gyanvapi Survey Report). പള്ളിയുടെ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്‌ച കൂടി സമയം വേണമെന്ന എഎസ്ഐയുടെ ഹർജി പരിഗണിക്കവെയാണ് കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയത്.
റിപ്പോർട്ട് സമർപ്പിക്കാൻ ഇതിനുമുൻപ് അഞ്ച് തവണ സമയം നീട്ടി നൽകിയിരുന്നു. ഇന്നലെ (ചൊവ്വാഴ്‌ച) സമർപ്പിക്കേണ്ടിയിരുന്ന റിപ്പോർട്ട് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ആറാമതും നീട്ടാനാണ് ഇന്ന് എഎസ്ഐ ശ്രമിച്ചത്. റിപ്പോർട്ടിൽ സാങ്കേതികമായി നിരവധി കാര്യങ്ങള്‍ പുതുതായി ചേർക്കാനുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഇന്നലെ കോടതിയിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ ഈ അപേക്ഷയിൽ വാദം കേൾക്കാൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് അപേക്ഷ പരിഗണിക്കവേ സമയപരിധി നീട്ടാനുള്ള ആവർത്തിച്ചുള്ള അപേക്ഷയിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ ജില്ലാ ജഡ്‌ജി എ കെ വിശ്വേഷ്, സമയം തേടുന്നത് എന്തിനെന്ന് വിശദമായി അറിയിക്കാൻ എഎസ്ഐയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് എപ്പോൾ അവതരിപ്പിക്കുമെന്ന് അന്തിമമായി അറിയിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:ഗ്യാന്‍വാപിയിലെ കാര്‍ബണ്‍ ഡേറ്റിങ് ; 'സൂക്ഷ്‌മ പരിശോധന വേണം', സര്‍വേ മാറ്റിവച്ച് സുപ്രീംകോടതി