വെസ്റ്റ് ചമ്പാരൻ : ബിഹാറിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് വാഹനങ്ങളും അഗ്നിശമന വാഹനവും ജനക്കൂട്ടം അഗ്‌നിക്കിരയാക്കി. നിലവിൽ വെസ്റ്റ് ചമ്പാരനിലെ ബേട്ടിയയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമാണ്.
അർജാനഗർ സ്വദേശിയായ അനിരുദ്ധ് യാദവാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഹോളി ദിനത്തിൽ പൊതുസ്ഥലത്ത് ഉയർന്ന ശബ്‌ദത്തിൽ പാട്ട് വച്ചതിനെ തുടർന്നാണ് അനിരുദ്ധിനെ ബെൽത്താർ പൊലീസ് പിടികൂടിയത്. അതിനിടെ പൊലീസ് കസ്റ്റഡിയിൽ വച്ച് ഇയാൾ കൊല്ലപ്പെടുകയായിരുന്നു. പിന്നാലെ, പൊലീസ് മർദനത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി.
അതേസമയം തേനീച്ചയുടെ കുത്തേറ്റാണ് അനിരുദ്ധ് മരിച്ചതെന്നാണ് പൊലീസിന്‍റെ വാദം. കുത്തേറ്റ ഇയാളെ സ്‌റ്റേഷൻ ഇൻചാർജും പൊലീസുകാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നുവെന്ന് ബേട്ടിയ എസ്‌പി ഉപേന്ദ്ര നാഥ് വർമ അവകാശപ്പെട്ടു.