ന്യൂഡല്‍ഹി: ഗാല്‍വാൻ താഴ്‌വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു വർഷം പൂർത്തിയാകുന്ന വേളയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനുമായി കോണ്‍ഗ്രസ്. ചൈനയെ സാമ്പത്തികമായോ, സൈനികപരമായോ ആക്രമിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ആക്രമണം. ചൈനയുടെ ആക്രമങ്ങളില്‍ എന്താണ് മോദിയുടെ നിലപാടെന്ന് ചോദിച്ച കോണ്‍ഗ്രസ് മോദിക്കെതിരെ ആഞ്ഞടിച്ചു. നമ്മുടെ നിരവധി സൈനികര്‍ പിടഞ്ഞ് വീണിട്ടും ആരും നമ്മുടെ അതിര്‍ത്തിയിലേക്ക് കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച സൈനികരുടെ കുടുംബങ്ങളോട് മാപ്പ് പറയാൻ പോലും മോദി തയാറായിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാട്ടെ പറഞ്ഞു.
also read: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങാൻ ബിജെപി;ബുധനാഴ്ച ആദ്യ യോഗം
മേഖലയില്‍ സംഘര്‍ഷം ആവര്‍ത്തിക്കുന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രധാനമന്ത്രി ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടോ, ഇല്ലെങ്കിലും എന്താണ് ചൈനയോടുള്ള നിലപാട്. ഞങ്ങള്‍ക്ക് അത് അറിയണമെന്നും സുപ്രിയ ആവശ്യപ്പെട്ടു. ചൈനീസ് നേതാക്കളുമായി നടത്തിയ ചർച്ചയില്‍ ഗല്‍വാൻ വിഷയം പ്രധാനമന്ത്രി ഉന്നയിച്ചോയെന്ന് അറിയാൻ കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും സുപ്രിയ പറഞ്ഞു.
സംഭവം നടന്ന ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗല്‍വാനില്‍ സംഭവിച്ചത് എന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സര്‍ക്കാര്‍ തന്നെ സംഭവങ്ങള്‍ വിശദീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. അതിന് ശേഷം ഗല്‍വാൻ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി എവിടെയും സംസാരിച്ചിട്ടില്ലെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി അഹംഭാവം മാറ്റിവയ്‌ക്കണമെന്നും സുപ്രിയ ആവശ്യപ്പെട്ടു. ആപ്പുകളുടെ നിരോധനവും, ചര്‍ച്ചകളും, ഒന്നും ഫലപ്രദമല്ല. ചൈനയ്‌ക്ക് വേദനിക്കുന്ന സ്ഥലത്ത് ആക്രമണം നടത്തണമെന്നും അത് സാമ്പത്തിക മേഖലയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.