ഹൈദരാബാദ്:പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ (CWC) ആദ്യ യോഗത്തില്‍ കടുത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്.ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ നിർണായക ജനവിധി ലഭിക്കുമെന്ന ആത്മവിശ്വാസത്തിന്‍റെ ബലത്തിലാണ് ഹൈദരാബാദിൽ പുനഃസംഘടിപ്പിച്ച വർക്കിങ് കമ്മിറ്റിയുടെ ആദ്യ യോഗത്തിന് പരിസമാപ്‌തിയായത്.
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നിർണായക ജനവിധി ലഭിക്കുമെന്ന് യോഗം പ്രമേയത്തിലൂടെ അറിയിച്ചു. രാജ്യത്തെ ജനങ്ങൾ നിലവിലെ ഭരണത്തിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ തന്നെ കോൺഗ്രസ് പാർട്ടി ആത്മവിശ്വാസത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു (Congress says people want change at CWC meet). ക്രമസമാധാനം, സ്വാതന്ത്ര്യം, സാമൂഹികവും സാമ്പത്തികവുമായ നീതി, സമത്വം, തുല്യത എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകൾ തങ്ങൾ നിറവേറ്റുമെന്ന് യോഗത്തില്‍ കോൺഗ്രസ് പ്രഖ്യാപനം നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പുനഃസംഘടിപ്പിച്ച സിഡബ്ല്യുസി യോഗത്തിന്‍റെ ആദ്യ ദിവസമായ ശനിയാഴ്‌ച, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി നേതാക്കളോട് ചില നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആശയപരമായ വ്യക്തത നിലനിർത്താനുമാണ് രാഹുൽ നേതാക്കളോട് ആവശ്യപ്പെട്ടത്. അതോടൊപ്പം 'ബിജെപിയുടെ കെണികളിൽ' കുടുങ്ങുന്നതിനെതിരെ രാഹുൽ ഗാന്ധി പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പും നൽകി (Rahul Gandhi Cautions Against BJP Traps).
ഇതിനിടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ‘ഭാരത മാതാവിന്‍റെ’ ശബ്‌ദം കേൾക്കാൻ നേതാക്കളോട് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്‌തതായി പാർട്ടിയുടെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രത്യയശാസ്‌ത്രപരമായ വ്യക്തത ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയ്‌ക്കും അദ്ദേഹം പ്രത്യേക ഊന്നൽ നൽകിയതായി പവൻ ഖേര വ്യക്തമാക്കി. കൂടാതെ തങ്ങൾ എല്ലാവരും തികഞ്ഞ വ്യക്തതയോടെയും ആഴത്തിലുള്ള ചിന്തയോടെയുമാണ് സിഡബ്ല്യുസിയുടെ യോഗം കഴിഞ്ഞ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അപ്രസക്തമായ കെണികളിലേക്ക് പോകരുതെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയതായും ഖേര കൂട്ടിച്ചേർത്തു.
അതേസമയം സിഇസി ബില്ലിനെ (CEC Bill) അപകീർത്തിപ്പെടുത്തുന്ന പ്രമേയവും യോഗം പാസാക്കി. 'പാർലമെന്‍ററി ചർച്ചകളും സൂക്ഷ്‌മപരിശോധനയും എല്ലാം അപ്രത്യക്ഷമായി, ശരിയായ പരിശോധനയും ചർച്ചയും കൂടാതെ ദൂരവ്യാപകമായ നിയമനിർമാണം തിടുക്കത്തിൽ നടക്കുന്നു. പാർലമെന്‍റിൽ അവതരിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ (നിയമനം മുതലായവ) ബിൽ സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കും'- സിഡബ്ല്യുസി പ്രമേയത്തിൽ പറയുന്നു.
സ്ഥിരം അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർക്ക് പുറമെ, പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന ബോഡിയുടെ വിപുലമായ യോഗത്തിൽ സംസ്ഥാന പാർട്ടി മേധാവികൾ, കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) നേതാക്കൾ, പാർലമെന്‍ററി പാർട്ടി ഭാരവാഹികൾ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കാണ് സിഡബ്ല്യുസി യോഗത്തിൽ പ്രഥമ പരിഗണന നൽകിയത്. 2024ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ രാജ്യവ്യാപകമായി തന്ത്രം മെനയുന്നതിനായുള്ള ചർച്ചകൾ യോഗത്തിൽ ഉൾപ്പെടുമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾ കൂടിയായ സാബിർ അലി നേരത്തെ വ്യക്തമാക്കിയിരുന്നു.
READ ALSO:INDIA Must Fight Unitedly With Alliance Against BJP Sonia Gandhi 'ഇന്ത്യ' സംഘത്തിനൊപ്പം ബിജെപിക്കെതിരെ ഐക്യത്തോടെ പോരാടണം: സോണിയ ഗാന്ധി