ന്യൂഡല്‍ഹി:രാജ്‌ഘട്ടില്‍ കോണ്‍ഗ്രസിന്‍റെ സങ്കല്‍പ്പ് സത്യഗ്രഹത്തിന് തുടക്കം. രാഹുല്‍ ഗാന്ധിയെ ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് രാജ്യതലസ്ഥാനത്ത് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കുന്ന സങ്കല്‍പ്പ് സത്യഗ്രഹ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കെ സി വേണുഗോപാൽ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.
പൊലീസ് അനുമതി ഇല്ലാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധം. കോണ്‍ഗ്രസ് സത്യഗ്രഹത്തിന് നേരത്തെ അനുമതി നിഷേധിച്ച പൊലീസ് സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് കോണ്‍ഗ്രസ് പ്രതിഷേധം.
പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെല്ലാം അനുമതി നിഷേധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് മോദി സര്‍ക്കാരിന്‍റെ സ്ഥിരം ശൈലി ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.
പ്രതിപക്ഷം പാര്‍ലമെന്‍റിനകത്തും പുറത്തും ഉയര്‍ത്തിക്കാട്ടുന്ന അദാനി വിഷയത്തില്‍ നിന്നും രാജ്യത്തിന്‍റെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ബിജെപി രാഹുല്‍ ഗാന്ധിക്കെതിരായി ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. തനിക്കെതിരായ നടപടി വന്ന് രണ്ടാം ദിനത്തില്‍ മാധ്യമങ്ങളെ കണ്ട അദ്ദേഹം ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്: വിദേശത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപടല്‍ അദ്ദേഹം തേടിയെന്നുമുള്‍പ്പടെയുള്ള വിമര്‍ശനം ബിജെപി നടത്തി. ഇവയ്‌ക്കെല്ലാം ഇന്നലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കി. പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന ആവശ്യവും ബിജെപി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതില്‍ മാപ്പ് പറയാന്‍ തന്‍റെ പേര് സവര്‍ക്കര്‍ എന്ന് അല്ലെന്നും താന്‍ ഗാന്ധിയാണെന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം.
അദാനി വിഷയത്തില്‍ താന്‍ ഇനി എന്തൊക്കെ പറയും എന്ന് ഭയന്നാണ് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ലോക്‌സഭയില്‍ നിന്നും തന്നെ അയോഗ്യനാക്കിയത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നേരിടുന്ന പരിഭ്രാന്തിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന ഈ കോലാഹലങ്ങള്‍. ഗൗതം അദാനി വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഇനിയും തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 20,000 കോടി അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് നിക്ഷേപിച്ചത് ആരെന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിമിനൽ മാനനഷ്‌ട കേസിൽ മാര്‍ച്ച് 23ന് ആണ് സൂറത്തിലെ കോടതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് അതിന് തൊട്ടടുത്ത ദിവസം പാര്‍ലമെന്‍റ് സെക്രട്ടേറിയറ്റ് അദ്ദേഹത്തെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
Also Read :പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി, നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം : രാഹുല്‍ ഗാന്ധി