ന്യൂഡല്‍ഹി:അധികാരത്തിലെത്തി ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒമ്പത് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. വിലക്കയറ്റം, തൊഴിലില്ലായ്‌മ, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവയുന്നയിച്ചുള്ള ഒമ്പത് ചോദ്യങ്ങള്‍ക്കൊപ്പം ഭരണകാലത്തെ വഞ്ചനയ്‌ക്ക് പ്രധാനമന്ത്രി രാജ്യത്തോട് നിരുപാധികം മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാത്രമല്ല ഈ ദിവസം കേന്ദ്ര സര്‍ക്കാര്‍ 'മാഫി ദിവസ്' (മാപ്പ് ദിനം) ആയി ആചരിക്കണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്‌ക്കിടെ ചില നിര്‍ണായക വിഷയങ്ങള്‍ ഉന്നയിച്ചുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒമ്പത് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും കമ്മ്യൂണിക്കേഷന്‍ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു. ചോദ്യങ്ങളടങ്ങിയ 'നൗ സാല്‍, നൗ സവാല്‍' (ഒമ്പത് വര്‍ഷങ്ങള്‍, ഒമ്പത് ചോദ്യങ്ങള്‍) എന്ന ലഘുലേഖയും എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്‌തു. ജയ്‌റാം രമേശിനൊപ്പം മുതിര്‍ന്ന നേതാക്കളായ പവന്‍ ഖേര, സുപ്രിയ ശ്രീനെറ്റ് എന്നിവരും പങ്കെടുത്തു.
പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും ഉയര്‍ത്തി:ഈ ഒമ്പത് ചോദ്യങ്ങളോട് പ്രധാനമന്ത്രി മൗനം വെടിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും റോക്കറ്റ് പോലെ കുതിച്ചുയരുന്നത്?. എന്തുകൊണ്ടാണ് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ അതിദരിദ്രരുമായി മാറുന്നത്?. സാമ്പത്തിക അസമത്വങ്ങള്‍ തുടരുമ്പോള്‍ തന്നെ എന്തിനാണ് പൊതുമുതല്‍ പ്രധാനമന്ത്രി മോദിയുടെ സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തുന്നത് എന്നും ജയ്‌റാം രമേശ് ചോദ്യമുന്നയിച്ചു. മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിച്ചപ്പോഴും കര്‍ഷകരുമായുണ്ടാക്കിയ ഉടമ്പടികള്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്നും മിനിമം താങ്ങുവില ഉറപ്പാക്കാത്തത് എന്താണെന്നും അദ്ദേഹം വിമര്‍ശനം കടുപ്പിച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.