ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാർഗെയും ശശി തരൂരും നേര്‍ക്കുനേർ. രാജ്യമെമ്പാടുമുള്ള 9,308 എഐസിസി - പിസിസി പ്രതിനിധികള്‍ പാർട്ടിയുടെ 37-ാമത്തെ അധ്യക്ഷനെ തെരഞ്ഞെടുക്കും.
ഇന്ന് (ഒക്‌ടോബർ 17) രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് രഹസ്യബാലറ്റാണ് ഉപയോഗിക്കുക. ന്യൂഡല്‍ഹിയിലെ 24 അക്‌ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്തും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) ആസ്ഥാനങ്ങളിലുമായാണ് വോട്ടിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒക്‌ടോബർ 19നാണ് വോട്ടെണ്ണല്‍, വൈകിട്ട് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.
മല്ലികാര്‍ജുന്‍ ഖാർഗെ ബെംഗളൂരുവിലാണ് വോട്ട് ചെയ്‌തത്. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ എഐസിസി ആസ്ഥാനത്താണ് വോട്ട് രേഖപ്പെടുത്തിയത്. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കർണാടകയിലെ സങ്കനാക്കല്ലിലെ ക്യാമ്പില്‍ ക്രമീകരിച്ച പ്രത്യേക പോളിങ് ബൂത്തില്‍ വോട്ട് ചെയ്‌തു. രാഹുലിനൊപ്പം 41 ഓളം ഭാരത് യാത്രികരും വോട്ട് രേഖപ്പെടുത്തി.
കേരളത്തില്‍ 310 വോട്ടർമാർ :കേരളത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് പോളിങ് ബൂത്തുകളാണ് ഇന്ദിര ഭവനില്‍ സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്‍റെ സംഘടന തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസർ ജി പരമേശ്വരയും അസിസ്റ്റന്‍റ് പിആർഒ വികെ അഴവറികനുമാണ് വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വോട്ടർമാർക്ക് പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.
ആകെ 310 വോട്ടർമാരാണ് കേരളത്തില്‍ നിന്നുള്ളത്. ഇതില്‍ 10 മുന്‍ പ്രസിഡന്‍റുമാരും 285 കെപിസിസി അംഗങ്ങളും 15 പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങളുമുണ്ട്. ശശി തരൂര്‍ കെപിസിസി ആസ്ഥാനത്ത് വോട്ട് ചെയ്‌തു. മുന്‍ മുഖ്യമന്ത്രിമാരായ എകെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി.
ഗാന്ധി കുടുംബാംഗമല്ലാത്ത അധ്യക്ഷന്‍ :കോണ്‍ഗ്രസിന്‍റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം വട്ടമാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്‍പ് 2000ത്തിലാണ് അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ജിതേന്ദ്ര പ്രസാദിനെ നേരിട്ട സോണിയ ഗാന്ധി 7,448 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വെറും 94 വോട്ടുകള്‍ മാത്രമാണ് ജിതേന്ദ്ര പ്രസാദിന് നേടാനായത്.