ന്യൂഡല്‍ഹി :കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ളത് മാത്രമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ താഴെ തട്ടിലുള്ള ജനങ്ങള്‍ക്കായി ഒന്നും തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി ബജറ്റില്‍ യാതൊന്നുമില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തസ്‌തികകളിലെ ഒഴിവുകള്‍ നികത്താനോ തൊഴിലുറപ്പ് പദ്ധതിയ്‌ക്കായോ യാതൊന്നും നീക്കിവച്ചിട്ടില്ലെന്നും ഖാര്‍ഗെ വിശദീകരിച്ചു.
കര്‍ഷകര്‍ക്ക് പ്രയോജനമില്ലാത്ത പദ്ധതികള്‍ : കേന്ദ്ര ബജറ്റ് തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങി ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‍റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കിസാന്‍ യോജന പദ്ധതി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ഗുണം ചെയ്‌തത്. കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമുണ്ടായില്ല- കെ സി വേണുഗോപാല്‍ പറഞ്ഞു.
പുതിയ ആദായനികുതി വ്യവസ്ഥയ്‌ക്ക് കീഴില്‍ വലിയ മാറ്റങ്ങള്‍ വരുത്തി എന്നതാണ് ബജറ്റിന്‍റെ പ്രധാന സവിശേഷത. അഞ്ച് ലക്ഷം രൂപയില്‍ നിന്നും ഏഴ് ലക്ഷം രൂപയായി ആദായനികുതി പരിധി വര്‍ധിപ്പിച്ചു. പുതിയ ആദായനികുതി വ്യവസ്ഥ സ്ഥിര നികുതി വ്യവസ്ഥയായിരിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.