കോഴിക്കോട്:എഴുപത്തിയഞ്ച് കഴിഞ്ഞവര്‍ക്ക് ഇടതുപാർട്ടികൾ വിശ്രമം അനുവദിക്കുമ്പോള്‍ എൺപതുകാരൻ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല മറിച്ച് നെഹ്‌റു കുടുംബത്തോടും എഐസിസിയോടും ചേർന്ന് നിൽക്കുന്ന ഭൂരിപക്ഷമാണ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തതെന്നാണ് വോട്ടിംഗില്‍ തെളിയുന്നത്. എന്നാല്‍ ഉയരുന്ന ചോദ്യം മറ്റൊന്നാണ് അധ്യക്ഷനെത്തിയത് കൊണ്ട് മാത്രം തീരുന്നതാണോ കോൺഗ്രസിലെ പ്രശ്‌നങ്ങൾ?.
റിമോട്ട് കണ്‍ട്രോള്‍ മാറ്റിവയ്‌ക്കാനാകുമോ?: 22 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടിക്ക് പുതിയൊരു അധ്യക്ഷനെത്തുന്നത് 24 വർഷത്തിന് ശേഷവും. ഈ ഘട്ടത്തില്‍ ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്‌ട്രീയ പാർട്ടിക്ക് ഒരു സംവിധാനമുണ്ട്. ഇവിടെ അന്തിമ തീരുമാനങ്ങൾ ഹൈക്കമാന്‍ഡിന്‍റെതാണ്. ഇന്ന് മുതല്‍ നെഹ്റു കുടുംബത്തിലെ അംഗങ്ങളടക്കമുള്ള കമ്മിറ്റിയുടെ അധ്യക്ഷനാണ് ഖാർഗെ. അങ്ങനെയിരിക്കെ പരാജയങ്ങളിൽ നിന്നും പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ ഖാർഗെയുടെ കൈവശം എന്ത് പൊടികൈയ്യാണ് ഉള്ളതെന്നാണ് പ്രധാന ചോദ്യം. സോണിയ, രാഹുൽ, പ്രിയങ്ക ഗാന്ധിമാർ കൈവശം വച്ചിരിക്കുന്ന പാർട്ടിയുടെ റിമോട്ട് കൺട്രോൾ സ്വതന്ത്രമായി ഖാർഗെക്ക് ഓപ്പറേറ്റ് ചെയ്യാൻ കഴിയുമോ എന്നതും അത് സാധ്യമായില്ലെങ്കിൽ പിന്നെ എന്ത് മാറ്റമാണ് ഇവിടെ നടക്കാൻ പോകുന്നതെന്നുമാണ് പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർ ഉയര്‍ത്തുന്ന ചോദ്യം.
'പിസിസി'യെ മെരുക്കാനാകുമോ?:കേരളത്തിലടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംഘടന സംവിധാനം തകർന്നൊരു പാർട്ടിയാണ് നിലവിൽ കോൺഗ്രസ്. സംഘടനയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഖാർഗെക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഖാർഗെയുടെ അനായാസ വിജയം തെളിയിക്കുന്നത് ഭൂരിപക്ഷം പിസിസികളുടെയും പിന്തുണ ലഭിച്ചു എന്നത് തന്നെയാണ്. എന്നാൽ ഇത് ഖാർഗെയോടുള്ള മമതകൊണ്ടല്ല, മറിച്ച് നെഹ്റു കുടുംബത്തിന്‍റെ പ്രതിനിധി എന്ന ലേബലുള്ളതുകൊണ്ടാണ്. സംസ്ഥാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളിൽ നിലനിൽക്കുന്ന പല പ്രശ്‌നങ്ങളും തീർക്കുന്നതിൽ മുന്‍ നേതൃത്വം തന്നെ പരാജയപ്പെട്ടു എന്നിരിക്കെ അവിടെ തന്ത്രങ്ങൾ പയറ്റാൻ നോക്കിയാൽ ഖാർഗെയെ എത്രപേർ അനുസരിക്കുമെന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.