ന്യൂഡല്‍ഹി:പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ 22ന് പ്രസിദ്ധീകരിക്കുമെന്ന് കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി. വിജ്ഞാപനം സെപ്റ്റംബർ 22ന് പ്രസിദ്ധീകരിക്കുമെന്നും, സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശങ്ങൾ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകുമെന്നും ഞായറാഴ്‌ച (11.09.2022) ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു. അതേസമയം, സെപ്തംബർ 21-നകം വോട്ടെടുപ്പ് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിനിടയിലെ ചില അസൗകര്യങ്ങള്‍ കണക്കിലെടുത്ത് ഒക്‌ടോബര്‍ 17ലേക്ക് മാറ്റി വയ്ക്കേണ്ടി വന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യപരിശോധനയ്‌ക്കായി വിദേശത്തേക്ക് പോയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഓഗസ്‌റ്റ് 28ന് പുതുക്കിയ ഷെഡ്യൂളിന് അംഗീകാരം നൽകിയിരുന്നു. എന്നാല്‍ ജി 23ലെ പ്രധാന അംഗവും മുൻ രാജ്യസഭ ഉപനേതാവുമായ ആനന്ദ് ശർമയും മുതിർന്ന വിമത നേതാക്കളും പ്രവർത്തക സമിതി യോഗത്തില്‍ വോട്ടർ പട്ടികയുടെ ഗുണനിലവാരം ചോദ്യം ചെയ്തു. മാത്രമല്ല, നിലവില്‍ ലോക്‌സഭാംഗങ്ങളായ മനീഷ് തിവാരി, ശശി തരൂർ, പ്രദ്യുത് ബൊർദോലോയ്, കാർത്തി ചിദംബരം, അബ്‌ദുൾ ഖാലിഖ് എന്നിവര്‍ പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലെ സുതാര്യത ഉറപ്പുവരുത്താന്‍ സെപ്തംബർ 24 ന് നാമനിർദ്ദേശം ആരംഭിക്കുന്നതിന് മുമ്പായി വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തണമെന്നും സിഇസി ചെയർമാൻ മധുസൂദൻ മിസ്‌ത്രിക്ക് കത്തെഴുതിയിരുന്നു. ഇതില്‍ തിവാരിയും തരൂരും ജി 23 യുടെ ഭാഗമായിരുന്നു.
അതേസമയം, നാമനിർദേശ പത്രിക സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും തന്നെ സെപ്തംബർ 20 മുതൽ എഐസിസി ആസ്ഥാനത്തുള്ള തന്റെ ഓഫീസിലെത്തിയോ, സംസ്ഥാന യൂണിറ്റ് ആസ്ഥാനങ്ങളിലെത്തിയോ പ്രതിനിധികളുടെ പട്ടിക പരിശോധിക്കാമെന്നും മധുസൂദൻ മിസ്‌ത്രി എംപിമാര്‍ക്ക് മറുപടി നല്‍കി. "നാമനിർദേശ പത്രിക സമർപ്പിക്കുന്നവരെ കുറഞ്ഞത് പത്ത് പ്രതിനിധികളെങ്കിലും പിന്തുണയ്ക്കണം. പത്രിക സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പാർട്ടി ഭരണഘടനയനുസരിച്ച് ഇവർക്ക് വോട്ടർ പട്ടികയുടെ പകർപ്പ് നൽകും. സെപ്തംബർ 30 ന് നാമനിർദേശം അവസാനിച്ചതിന് ശേഷം പട്ടിക പ്രസിദ്ധീകരിക്കും" എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് എംപിമാരും തന്‍റെ മറുപടിയിൽ സംതൃപ്തരാണെന്നും പട്ടിക സംബന്ധിച്ച തർക്കം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിശദീകരണങ്ങളില്‍ സന്തുഷ്‌ടനാണെന്നും, ലഭിച്ച ഉറപ്പുകൾ കണക്കിലെടുത്താല്‍ തന്‍റെ അഭിപ്രായത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ട് പോകുന്നതിൽ പലരും സന്തോഷിക്കുമെന്നും തരൂര്‍ പറഞ്ഞു. വിശ്വസ്‌തരായ കോൺഗ്രസുകാർ എന്ന നിലയിൽ തങ്ങൾ വ്യക്തതയാണ് തേടുന്നതെന്നും ഏറ്റുമുട്ടലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിവാരി, കാര്‍ത്തി ചിദംബരം, ബൊർദോലോയ് എന്നിവർ തരൂരിന്റെ നിലപാടുകളെ അംഗീകരിച്ചു. തന്റെ ഉത്കണ്ഠ എല്ലായ്‌പ്പോഴും ഈ പ്രക്രിയയുടെ സമഗ്രതയാണെന്നും, മറിച്ച് വ്യക്തിപരമായ അഭിലാഷങ്ങളല്ലെന്നും തിവാരിയും പ്രതികരിച്ചു. “ചോദ്യങ്ങൾ ഉന്നയിക്കുന്നത് കലാപമല്ല. അത് ആഭ്യന്തര ജനാധിപത്യത്തെ ഊർജസ്വലമാക്കുന്നു. എന്നാലും, പരസ്യമായ അച്ചടക്ക ലംഘനം ഏതൊരു സംഘടനയ്ക്കും ഹാനികരമാണ്” എന്ന് ഖാലിഖും അറിയിച്ചു.