കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി ഗെഹ്‌ലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന സൂചന അശോക് ഗെഹ്‌ലോട്ട് നല്‍കി കഴിഞ്ഞു. ശശി തരൂരും മറ്റ് ചില മുതിര്‍ന്ന നേതാക്കളും മല്‍സരത്തിന് തയ്യാറെടുക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍

congress president election  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  അശോക് ഗെഹലോട്ട്  കോണ്‍ഗ്രസ് ആഭ്യന്തര രാഷ്‌ട്രീയം  congress internal politics  ഗെഹലോട്ട് സോണിയ കൂടിക്കാഴ്‌ച  Sonia Gandhi Ashok Gehlot meeting
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി ഗെഹ്‌ലോട്ട്

By

Published : Sep 21, 2022, 7:33 PM IST

Updated : Sep 21, 2022, 7:50 PM IST

ന്യൂഡല്‍ഹി:രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മല്‍സരിക്കുമെന്ന സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് പിന്നാലെയാണ് ഗെഹ്‌ലോട്ട് സോണിയയുമായി കൂടിക്കാഴ്‌ച നടത്തിയത്. ഡല്‍ഹിയിലെ സോണിയ ഗാന്ധിയുടെ 10 ജന്‍പത് വസതിയിലാണ് കൂടിക്കാഴ്‌ച നടന്നത്.

ഈ വരുന്ന വ്യാഴാഴ്‌ച(22.09.2022) അശോക് ഗെഹ്‌ലോട്ട് കൊച്ചിയിലെത്തി അവസാന ശ്രമമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ പ്രേരിപ്പിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് വ്യക്തമാക്കിയത്.

അതേസമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായി താന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിക്കുമെന്നും ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായുള്ള തീരുമാനമായിരിക്കും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളിലായി കോണ്‍ഗ്രസില്‍ പല പദവികളും വഹിച്ചിട്ടുണ്ട്. പദവി തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമല്ല. പാര്‍ട്ടി നല്‍കുന്ന ഏത് ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്നും ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.

താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുകയാണെങ്കില്‍ രാജസ്ഥാനിലെ എംഎല്‍എമാരെ ഡല്‍ഹിക്ക് ഹൈക്കമാന്‍ഡ് വിളിപ്പിക്കുമെന്ന് അവരോട് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് ഗെഹ്‌ലോട്ട്-സോണിയ കൂടിക്കാഴ്‌ച. രണ്ട് ദശാബ്‌ദങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

ശശി തരൂര്‍ മല്‍സരത്തിനായി തയ്യാറെടുക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍. മറ്റ് ചില മുതിര്‍ന്ന നേതാക്കളും മല്‍സരിക്കുമെന്ന പ്രഖ്യാപനം വരും ദിവസങ്ങളില്‍ നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ട്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് നാമനിര്‍ദേശക പത്രിക നല്‍കാനുള്ള തീയതി. നാമനിര്‍ദേശക പത്രികകളുടെ പരിശോധന ഒക്ടോബര്‍ ഒന്നിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ എട്ടിനാണ്. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഒക്ടോബര്‍ 17നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 19ന് വിജയിയെ പ്രഖ്യാപിക്കും.

Last Updated : Sep 21, 2022, 7:50 PM IST

ABOUT THE AUTHOR

...view details