ന്യൂഡല്‍ഹി :കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതല്‍ റായ്‌പൂരില്‍. 2024 ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് രണ്ടുദിവസം നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനം.
'കോണ്‍ഗ്രസിന് വ്യക്തമായ ധാരണയുണ്ട്. അത് മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പ്ലീനറി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തെ നയിക്കാനുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നിർദേശത്തെ പാർട്ടി ഇതിനകം സ്വാഗതം ചെയ്‌തിട്ടുണ്ട്. ബിജെപിയുടെ ലോക്‌സഭ സീറ്റുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം', സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
'ശക്തിയുള്ള കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പാണോ അതോ തെരഞ്ഞെടുപ്പിന് ശേഷമാണോ സഖ്യം രൂപീകരിക്കുന്നത് എന്നത് തീരുമാനിക്കേണ്ടതുണ്ട്' - മുതിര്‍ന്ന നേതാവും എഐസിസി കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജുമായ ജയറാം രമേശ് പ്രതികരിച്ചു. കേരളം, തമിഴ്‌നാട്, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടിക്ക് തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രമേശ്, തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങൾക്ക് വേണ്ടി മാത്രമാണ് കോൺഗ്രസ് നിലനില്‍ക്കുന്നത് എന്ന സാഹചര്യമില്ലെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് നേരിടാന്‍ പ്ലീനറി സമ്മേളനം പാര്‍ട്ടിയെ ഒരുക്കും : 47 അംഗ സ്റ്റിയറിങ് കമ്മിറ്റിയാണ് ഈ മാസം 24ന് ആരംഭിക്കുന്ന പ്ലീനറി യോഗത്തിന്‍റെ അജണ്ട തീരുമാനിക്കുന്നത്. യോഗത്തിന്‍റെ അവസാന ദിവസമായ 26ന് പാസാക്കുന്ന രാഷ്‌ട്രീയ പ്രമേയത്തില്‍ സഖ്യ രൂപീകരണം സംബന്ധിച്ച വിഷയം ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 2024 ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനും ഈ വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി തയ്യാറെടുക്കാന്‍ പ്ലീനറി സമ്മേളനം പാര്‍ട്ടിയെ സഹായിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
പ്ലീനറി സമ്മേളനത്തിന്‍റെ മേല്‍നോട്ടവും താരിഖ് അന്‍വറിനാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും ഭാവിയിലേക്ക് വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ കുറിച്ച് സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ചേരുന്ന സമ്മേളനമായതിനാല്‍ രാഹുലും അദ്ദേഹത്തിന്‍റെ ആശയങ്ങളും തന്നെയാകും പാര്‍ട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിന്‍റെ പ്രധാന ആകര്‍ഷണം.
'ഹാഥ് സെ ഹാഥ് ജോഡോ' കാമ്പയിന്‍ :ഭാരത് ജോഡോ യാത്രയുടെ ആവേശം മുന്നോട്ട് കൊണ്ടുപോകുന്നതിനായി നടത്തുന്ന 'ഹാഥ് സെ ഹാഥ് ജോഡോ' കാമ്പയിന്‍ മാര്‍ച്ച് അവസാനം വരെ നീട്ടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പ്ലീനറി സമ്മേളനത്തിന്‍റെ പ്രമേയവും പ്രസ്‌തുത കാമ്പയിന്‍ ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിവരം. ഭാരത് ജോഡോ യാത്ര കഴിഞ്ഞതോടെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം ലഭിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പ്രതികരിച്ചു.
ബജറ്റ് സമ്മേളനത്തിനിടെ അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ പാർലമെന്‍റിൽ കോൺഗ്രസിനൊപ്പം ഒന്നിച്ച നിരവധി പ്രതിപക്ഷ പാർട്ടികളുടെ പങ്കാളിത്തം രാഹുലിന്‍റെ അഞ്ച് മാസം നീണ്ട യാത്രയിൽ കണ്ടത് കോൺഗ്രസിന് ആവേശമാണ്. 'അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒരേ സ്വരത്തിലാണ് സംസാരിച്ചത്' -വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ വഴിത്തിരിവായിരുന്നു ഭാരത് ജോഡോ യാത്രയെന്നും ബിജെപിയുമായി കോൺഗ്രസ് ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് കാണിച്ചുകൊടുത്തെന്നും ജയറാം രമേശ് വ്യക്തമാക്കി.
'പല പുതിയ ആശയങ്ങൾ പ്ലീനറി സമ്മേളനത്തില്‍ ഉണ്ടാകും. ഉദയ്‌പൂർ പ്രഖ്യാപനത്തെക്കുറിച്ചും ചർച്ചകൾ ഉണ്ടാകും' - വേണുഗോപാൽ പറഞ്ഞു. റായ്‌പൂരില്‍ നടക്കുന്ന യോഗത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15,000-ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ഇവരിൽ ഏകദേശം 1,821 പേർ എഐസിസി പ്രതിനിധികളും 12,000 പേര്‍ പിസിസി പ്രതിനിധികളും ആയിരിക്കും. ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് 2 മണിയോടെ പ്ലീനറി സമ്മേളനം സമാപിക്കുമെന്നും തുടർന്ന് എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന പതിവ് റാലി ഉണ്ടാകുമെന്നും പ്ലീനറി സമ്മേളനത്തിന്‍റെ ചുമതലയുള്ള എഐസിസി ട്രഷറർ പവൻ ബൻസാൽ പറഞ്ഞു.