ന്യൂഡൽഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് പാർലമെന്‍റിലെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ഓഫിസിൽ ചേരും. തിങ്കളാഴ്‌ച രാവിലെ 10.30ന് ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപിയായി അയോഗ്യനാക്കിയതിലുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. അദാനി വിഷയത്തിലും രാഹുൽ ഗാന്ധിയെ ലോക്‌സഭ എംപിയായി അയോഗ്യനാക്കിയതിലും പ്രതിഷേധിച്ച് കറുത്ത വസ്‌ത്രം ധരിച്ച് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നുള്ള വാർത്തകൾ എഎൻഐ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യത: കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് പാർലമെന്‍റിൽ - Parliament
അദാനി വിഷയത്തിലും രാഹുൽ ഗാന്ധിയെ ലോക്‌സഭ എംപിയായി അയോഗ്യനാക്കിയതിലും പ്രതിഷേധിച്ച് കറുത്ത വസ്‌ത്രം ധരിച്ച് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് എംപി മനീഷ് തിവാരി തിങ്കളാഴ്‌ച ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതിയുടെ അന്വേഷണം കോൺഗ്രസ് ആവശ്യപ്പെടുകയും പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു വരികവേയാണ് സൂറത്ത് കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം നഷ്‌ടമായത്.
പാർലമെന്‍റിലെ തുടർ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിനെതിരായ നീക്കങ്ങളും ചർച്ച ചെയ്യാൻ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ നേതാക്കൾ ഇന്ന് പാർലമെന്‍റിലെ രാജ്യസഭാ ലോപ് ചേംബറിൽ യോഗം ചേരുമെന്നും ഔദ്യോഗിക വിവരം ലഭ്യമായിട്ടുണ്ട്.