ന്യൂഡൽഹി : ലഖിംപുർ ഖേരി വിഷയം മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ വിമർശിച്ച് പാർട്ടി നേതൃത്വം. ഇത്തരം ഗുരുതരമായ വിഷയങ്ങളിൽ ലാഭനഷ്‌ടം കണ്ടെത്തുന്ന പ്രവണത കുറ്റകരമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പ്രതികരിച്ചു.
ലഖിംപുർ ഖേരി അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ മുത്തശ്ശിപ്പാർട്ടിയുടെ പുനരുത്ഥാനം പ്രതീക്ഷിക്കുന്ന വ്യക്തികൾക്ക് വലിയ നിരാശയാകും ഉണ്ടാവുകയെന്നായിരുന്നു പ്രശാന്ത് കിഷോറിന്‍റെ ട്വീറ്റ്. ദൗർഭാഗ്യവശാൽ പാർട്ടിയുടെ വേരുറച്ചുപോയ പ്രശ്നങ്ങൾക്കും ഘടനാപരമായ ബലഹീനതയ്ക്കും ദ്രുത പരിഹാരങ്ങളില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ലഖിംപുർ ഖേരി അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗന്ധിയുമുൾപ്പെട്ട കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചതിനുപിന്നാലെയായിരുന്നു കിഷോറിന്‍റെ ട്വീറ്റ്.