ന്യൂഡല്‍ഹി: ഇന്ത്യയില്‍ റെയില്‍ ഗതാഗതത്തിന് കൂടുതല്‍ പരിഗണനയും സുരക്ഷയും ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ്. ഒഡിഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വെള്ളിയാഴ്‌ച ഒഡിഷയില്‍ ഉണ്ടായത്. അപകടത്തില്‍ 261 പേര്‍ മരിക്കുകയും 1000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഒഡിഷയിലുണ്ടായ ട്രെയിന്‍ ദുരന്തം ഭയാനകവും വേദനാജനകവുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയ്‌ക്ക് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത് എന്തുകൊണ്ടാണെന്ന് ഈ അപകടം ഓര്‍മിപ്പിക്കുന്നുവെന്നും ദുരന്തത്തെ കുറിച്ച് നിയമാനുസൃതമായി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും എന്നാല്‍ അത് പിന്നീടാകാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്രെയിന്‍ അപകടത്തെ കുറിച്ച് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നിരവധി കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും സ്ഥലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. 'ഒഡിഷയിലെ അപകട സ്ഥലത്ത് വേണ്ട മുഴുവന്‍ സഹായവുമെത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനയ്‌ക്കും താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്', കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു.
കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജി വയ്‌ക്കണം:ട്രെയിന്‍അപകടത്തെ തുടര്‍ന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് എംപി സപ്‌തഗിരി ഉലക പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുമെന്ന മന്ത്രി അശ്വിനി വൈഷ്‌ണവിന്‍റെ ട്വീറ്റ് ടാഗ് ചെയ്‌ത് കൊണ്ടാണ് എംപി സപ്‌തഗിരി ഉലക രാജി ആവശ്യപ്പെട്ടത്.
ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി നേതാക്കള്‍:ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. സംഭവസ്ഥലത്ത് രക്ഷപ്രവര്‍ത്തനത്തിന് ആവശ്യമായ മുഴുവന്‍ പിന്തുണയും നല്‍കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും ഇരുവരും നിര്‍ദേശിച്ചു.
ഒഡിഷയിലെ ട്രെയിന്‍ അപകടം ഏറെ വേദനയുളവാക്കുന്നതാണെന്ന് സോണിയ ഗാന്ധി. അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സോണിയ ഗാന്ധി പ്രസ്‌താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ടിവി ചര്‍ച്ചകളിലൊന്നും പങ്കെടുക്കുന്നില്ലെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒഡിഷയിലെ വന്‍ ട്രെയിന്‍ ദുരന്തം:വെള്ളിയാഴ്‌ച വൈകിട്ടാണ് ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടത്. ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റിയതിനെ തുടര്‍ന്ന് മറിഞ്ഞ ബെംഗളൂരു ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാര്‍ ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിലേക്ക് മറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധിയിടങ്ങളില്‍ നിന്നുള്ള രക്ഷപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്‌തു.
അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേ മന്ത്രി: ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയതിന്‍റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മന്ത്രി അശ്വിനി വൈഷ്‌ണവ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും, നിസാരമായ പരിക്കുളളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.