ന്യൂഡല്‍ഹി:രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം കനക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് എംപിമാരും, ഉന്നത നേതാക്കളും ജന്തർ മന്തറിൽ നടത്തിയ സത്യഗ്രഹത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 'എട്ട് വർഷത്തിനുള്ളിൽ 16 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ യുവാക്കൾക്ക് പക്കോഡ വറുക്കുന്നതിനെ കുറിച്ച് മാത്രമാണ് അറിവ് ലഭിച്ചത്. ജോലിയെ കുറിച്ച് പ്രതീക്ഷകൾ നൽകി യുവാക്കളെ വഞ്ചിച്ച്, തൊഴിലില്ലായ്‌മയുടെ 'അഗ്നിപഥിൽ' നടക്കാൻ അവരെ നിർബന്ധിതരാക്കി', രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ ഇപ്പോഴത്തെ ഈ അവസ്ഥയ്‌ക്ക് ഉത്തരവാദി പ്രധാനമന്ത്രി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.