പ്രയാഗ്‌രാജ് : വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട ഗുണ്ട-രാഷ്‌ട്രീയ നേതാവ് അതിഖ് അഹമ്മദിന് രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാവ്. കോൺഗ്രസിന്‍റെ കൗൺസിലർ സ്ഥാനാർഥി കൂടിയായ രാജ്‌കുമാർ സിങ് രജ്ജുവിന്‍റെ വിവാദ പ്രസ്‌താവനയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് സിറ്റി പ്രസിഡന്‍റ് പ്രദീപ് മിശ്ര അൻഷുമാൻ പ്രസ്‌താവന പൂർത്തിയാക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുന്നതും വീഡിയോയിൽ കാണാം.
അതിഖ് അഹമ്മദിന്‍റെ മൃതദേഹം അടക്കം ചെയ്‌ത ശ്‌മശാനം സന്ദർശിച്ച രാജ്‌കുമാർ സിങ് രജ്ജു ഖബറിടത്തിന് മുകളിൽ ഇന്ത്യൻ പതാക വിരിയ്‌ക്കുന്നത് കാണാം. അതോടൊപ്പം തന്നെ 'അതിഖ് അഹമ്മദ് നീണാൾ വാഴട്ടെ' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുമുണ്ട്. കുഴിമാടത്തിന് അരികിലിരുന്ന് ഖുർആനിലെ ആദ്യ സൂക്തവും അദ്ദേഹം വായിച്ചു. സഹോദരൻ അഷ്‌റഫിനും രാജ്‌കുമാർ അഭിവാദ്യം അർപ്പിക്കുന്നുണ്ട്. കൊലപാതകത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കുറ്റപ്പെടുത്തി. വിവാദ പരാമർശം വൈറലായതിന് പിന്നാലെ കോൺഗ്രസ് നേതാവിനെ പ്രയാഗ്‌രാജ് പൊലീസ് അറസ്റ്റ് ചെയ്‌തു.
സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാപകൻ മുലായം സിങ് യാദവിന് പത്മവിഭൂഷൺ ലഭിക്കുമെങ്കിൽ ആതിഖ് അഹമ്മദിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന ലഭിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു വാർഡ് നമ്പർ 43 ലെ കോൺഗ്രസ് സ്ഥാനാർഥിയായ രാജ്‌കുമാറിന്‍റെ ചോദ്യം.
എന്നാൽ രജ്ജുവിന്‍റെ പ്രസ്‌താവന തള്ളി കോൺഗ്രസ് രംഗത്തെത്തി. പാർട്ടി അദ്ദേഹത്തെ ആറ് വർഷത്തേക്ക് പുറത്താക്കിയതായും കോൺഗ്രസ് സിറ്റി പ്രസിഡന്‍റ് പ്രദീപ് മിശ്ര അൻഷുമാൻ പറഞ്ഞു. ഇതോടെ കോർപറേഷൻ തെരഞ്ഞെടുപ്പിൽ നിന്ന് അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വവും പിൻവലിച്ചേക്കും. രജ്ജുവിന്‍റെ മാനസിക നില ഭദ്രമല്ലെന്നും കോൺഗ്രസ് സിറ്റി പ്രസിഡന്‍റ് മിശ്ര പറഞ്ഞു.
ഏപ്രിൽ 15 ന് രാത്രി നടന്ന വെടിവയ്‌പ്പിലാണ് അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും കൊല്ലപ്പെടുന്നത്. ഉമേഷ് പാല്‍ വധക്കേസില്‍ സബര്‍മതി ജയില്‍ കഴിഞ്ഞിരുന്ന അതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും പ്രയാഗ്‌രാജ് പോലീസ് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് യുവാക്കളാണ് അതിഖിനും സഹോദരനും നേരെ വെടിയുതിർത്തത്. തലയിൽ എട്ട് തവണയിലധികം വെടിയേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
ALSO READ :അതിഖ് അഹമ്മദിന്‍റെ കൊലപാതകം: പുനഃസൃഷ്‌ടിച്ച് അന്വേഷണ സംഘം; മുഖ്യപ്രതിക്ക് റിപ്പോര്‍ട്ടിങ് പരിശീലനം നല്‍കിയവര്‍ കസ്റ്റഡിയില്‍
അതിഖിന്‍റെ മകന്‍ അസദ് അഹമ്മദും കൂട്ടാളി ഗുലാം മുഹമ്മദും ഉത്തര്‍പ്രദേശ് പൊലീസ് ടാസ്‌ക് ഫോഴ്‌സിന്‍റെ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും മരണം. സംഭവത്തില്‍ ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നീ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവം നടന്നയുടനെ തന്നെയാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍ അഷ്റഫിന്‍റെയും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 17 ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് പൊലീസ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.