തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വളര്‍ത്തിയെടുത്ത വെറുപ്പിന്‍റെയും രോഷത്തിന്‍റെയും രാഷ്ട്രീയത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസിയില്‍ സംഘടിപ്പിച്ച അനുസ്‌മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്‍റെയും രോഷത്തിന്‍റെയും രാഷ്ട്രീയം വളർത്തി അധികാരം നിലനിർത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ ഐക്യവും നാനാത്വവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ജാതി മത ഭേദമന്യേ എല്ലാവരിലേക്കും സ്‌നേഹത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമായിരുന്നു പദയാത്ര. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് തുടച്ച് നീക്കാനുള്ള രണ്ടാം ഘട്ടത്തിന്‍റെ തുടക്കം കൂടിയാണ് യാത്രയെന്നും എ കെ ആന്‍റണി പറഞ്ഞു.
'ഇനി ഇന്ത്യ കാണാന്‍ പോകുന്നത് പുതിയൊരു രാഹുല്‍ ഗാന്ധിയെ ആയിരിക്കും. രോഷവും വിദ്വേഷവും പടർത്തുന്ന ശക്തികൾക്കെതിരായ പോരാട്ടം നയിക്കുകയും രാജ്യത്തെ പരിപാലിക്കുകയും ചെയ്യുന്ന ഒരു പുതിയ രാഹുൽ ഗാന്ധിയെ' - അദ്ദേഹം അഭിപ്രായപ്പെട്ടു. വിശാല ജനാധിപത്യ ഐക്യത്തിനാണ് ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്. വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോയവരെയും മറ്റ് രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലാത്തവരെയും കൂടെ കൂട്ടേണ്ടതുണ്ട്.
ഭാരത് ജോഡോ യാത്രയില്‍ നിന്ന് അകലം പാലിച്ചവര്‍ ഭാവിയില്‍ പ്രതിപക്ഷ നിരയില്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ദുര്‍ബലപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള സമയം കൂടിയാണ് ജോഡോ യാത്രയുടെ സമാപനം. രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കുമ്പോഴാണ് ലക്ഷ്യം പൂര്‍ണമായും വിജയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
also read:'കശ്‌മീരിലെ ജനങ്ങള്‍ തനിക്ക് ഗ്രനേഡ് നല്‍കിയില്ല, ഹൃദയം നിറയെ സ്‌നേഹം നല്‍കി'; കനത്ത മഞ്ഞില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം.
അഹിംസാ മാര്‍ഗത്തിലൂടെ ബ്രിട്ടീഷുകാരുടെ അടിമത്വത്തില്‍ നിന്നും രാജ്യത്തിന് മോചനം നേടിത്തന്ന മഹാത്മാഗാന്ധിയുടെ ഓര്‍മ്മകള്‍ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനും എതിരെ പൊരുതിയത് കൊണ്ടാണ് മതഭ്രാന്തന്‍ ഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നും ആന്‍റണി പറഞ്ഞു. അതേസമയം ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്നതിന് സിപിഎം കേരള ഘടകത്തിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചു.
ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്ന സിപിഎം നടപടി ഹിമാലയന്‍ മണ്ടത്തരമാണ്. ഇടതുപക്ഷം ആത്മാര്‍ഥതയുള്ളവരായിരുന്നെങ്കില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഫാസിസത്തിനെതിരെ പോരാടാന്‍ യാത്രയില്‍ പങ്കെടുക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടിക്കളും നേതാക്കളുമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനഗറിലെ ഷേര്‍-ഇ-കശ്‌മീര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടന്നത്. കനത്ത മഞ്ഞുവീഴ്‌ചയ്‌ക്കിടെയായിരുന്നു സമ്മേളനം.