ന്യൂഡല്‍ഹി:രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നടത്തിയ ചർച്ചകൾ ആഴ്‌ച മുഴുവൻ നീണ്ടുനിന്നതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമൊ ഇല്ലയോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം. 2024 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയ വഴിയില്‍ എത്തിക്കുന്നതിനുള്ള പദ്ധതികള്‍ നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കും എന്ന നിലയിലുള്ള വാര്‍ത്തകള്‍ സജീവമായത്. തെരഞ്ഞെടുപ്പ് കര്‍മ്മ പദ്ധതികളുടെ അവതരണത്തിന്‍റെ ഭാഗമായി 600-ഓളം സ്ലൈഡുകളുള്ള പവര്‍പോയിന്‍റ് പ്രസന്‍റേഷനും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കള്‍ക്ക് മുന്‍പില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു.
ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രശാന്ത് കിഷോറിന്‍റെ പാര്‍ട്ടി പ്രവേശനത്തെ സ്വഗതം ചെയ്യുന്നതായാണ് സൂചന. അദ്ദേഹത്തെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നത് സോണിയ ഗാന്ധി ആയിരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
താല്‍പര്യമില്ലാതെ ജി-23:പാര്‍ട്ടിയോട് മതിപ്പില്ലാത്ത ഒരുവ്യക്തിയെ നേതൃത്വനിരയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനോട് കോണ്‍ഗ്രസ് വിമതഗ്രൂപ്പായ ജി-23 ലെ നേതാക്കളും വിമുഖത പ്രകടിപ്പിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ച ആശയങ്ങള്‍ എല്ലാം തന്നെ ജി-23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തുകളിലും, തുടര്‍ന്നുള്ള യോഗങ്ങളിലും ഉന്നയിച്ചിരുന്നവയാണെന്നും അവര്‍ വ്യക്തമാക്കി. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളെ പാർട്ടി അധ്യക്ഷനാക്കുക, പാർലമെന്‍ററി ബോർഡിന്‍റെ പുനരുജ്ജീവനം, സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പികെ നേതൃത്വത്തിന് മുന്നില്‍ വെച്ച നിര്‍ദേശങ്ങള്‍. സമാന പ്രശ്‌നങ്ങളാണ് കാലങ്ങളായി തങ്ങളും ചൂണ്ടിക്കാണിക്കുന്നതെന്നാണ് വിമതസംഘത്തിന്‍റെ വാദം.