ന്യൂഡൽഹി :രാമ ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ രൺദീപ് സുർജേവാല. ഓൺലൈനിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റിന് സംഭാവനകളായും ചെലവുകളായും ലഭിച്ച തുക സുപ്രീം കോടതി മേൽനോട്ടത്തിൽ ഓഡിറ്റ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു .ഭൂമി ഇടപാടിൽ രാമ ജന്‍മഭൂമി ക്ഷേത്ര ട്രസ്റ്റ് അഴിമതി നടത്തിയെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് തേജ് നാരായൺ പാണ്ഡെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വിവാദങ്ങൾക്ക് തുടക്കമാവുന്നത്.
രവി മോഹൻ തിവാരിയും സുൽത്താൻ അൻസാരിയും ചേർന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി പിന്നീട് ട്രസ്റ്റ് 18.5 കോടി ഏറ്റെടുത്തെന്നാണ് ആരോപണം.
Also read: വിസ്മയ നിർമിതി, ഹനുമാൻ ചാലിഷ തടിയിൽ തീർത്ത് അരുൺ സാഹു
രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി 17 കോടി രൂപ എത്തിയതായും പണ കൈമാറ്റം അന്വേഷിക്കണമെന്നും എസ്പി നേതാവ് ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗും സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നു. 2020 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന 'ശ്രീരാം ജന്മഭൂമി ട്രസ്റ്റ് സ്ഥാപിക്കാന്‍ അനുമതി നൽകിയത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ സുപ്രീം കോടതി രാം ലല്ലയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. 2.7 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തർക്ക ഭൂമി സർക്കാർ രൂപീകരിച്ച ട്രസ്റ്റിന് കൈമാറി അവര്‍ രാമക്ഷേത്രം നിർമ്മിക്കണമെന്നായിരുന്നു കോടതിയുടെ തീര്‍പ്പ്.
കൂടാതെ പള്ളി പണിയുന്നതിനായി അയോധ്യയിലെ സുന്നി വഖഫ് ബോർഡിന് 5 ഏക്കർ സ്ഥലം നൽകണമെന്ന് കോടതി സർക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.