ഭോപ്പാൽ: വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ (Madhya Pradesh Assembly Polls), 39 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഓഗസ്റ്റ് 17ന് ഭരണകക്ഷിയായ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഒരു മുഴം മുന്‍പേ എറിഞ്ഞുള്ള ബിജെപി നീക്കത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ ചെറുതല്ലാത്ത ഞെട്ടലുണ്ടാക്കി എന്നത് വസ്‌തുതയാണ്. ഈ സാഹചര്യത്തില്‍, വിട്ടുകൊടുക്കാതെ അതിവേഗ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് ശ്രമം. എന്നാല്‍, ഇതിന് നിരവധി വെല്ലുവിളികളാണ് ആ പാര്‍ട്ടിക്ക് മുന്‍പിലുള്ളത് (Congress faces crisis in Madhya Pradesh).
സംസ്ഥാന നിയമസഭയില്‍ (Madhya Pradesh Assembly) ആകെ 230 സീറ്റുകളാണുള്ളത്. ഇതിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥികളുടെ പട്ടിക അന്തിമമാക്കാൻ പാടുപെടുകയാണ് പാർട്ടി ഹൈക്കമാൻഡ്. ആകെ 230 സീറ്റും മുന്നിൽ 4500ലധികം 'ടിക്കറ്റ് മോഹികളും' ഉണ്ടെന്നതാണ് ഈ വെല്ലുവിളിക്ക് ആധാരം. സംസ്ഥാന നിയമസഭയിൽ ബിജെപിയുടെ ആകെ അംഗങ്ങളുടെ എണ്ണം 109 ആണ്. കോൺഗ്രസിന്‍റെ നില 114 ആണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, പാർട്ടി സ്ഥിരം തോൽക്കുന്ന 66 സീറ്റുകളിൽ 40 എണ്ണത്തില്‍ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നത് ഒരു പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍, ബാക്കിയുള്ള സീറ്റുകളിലാണ് വെല്ലുവിളി.
'ആഗ്രഹം' പ്രകടിപ്പിച്ച് നേതാക്കളുടെ നീണ്ടനിര:കോണ്‍ഗ്രസ് പാർട്ടിക്കുള്ളിലെ അനാരോഗ്യകരമായ കിടമത്സരമാണ് മറ്റ് സീറ്റുകളില്‍ തടസം സൃഷ്‌ടിക്കുന്നത്. സംസ്ഥാനത്തെ 12ലധികം നേതാക്കളാണ് തങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട സീറ്റുകളിലേക്ക് കണ്ണും നട്ടിരിക്കുന്നത്. ഭോപ്പാലിലെ നരേല, ഗോവിന്ദ്പുര, ബെരാസിയ സീറ്റുകളിൽ രണ്ടിലധികം നേതാക്കളാണ് തങ്ങളുടെ 'ആഗ്രഹം' പ്രകടിപ്പിച്ചത്. സെപ്‌റ്റംബർ രണ്ടിന് ശേഷം ആദ്യ പട്ടിക പുറത്തുവിടുമെന്നാണ് പുറത്തുവരുന്ന വിവരം.