ഛഢീഖഡ്:അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ പാർട്ടിയെ ഒന്നിപ്പിക്കാനും പാർട്ടി അംഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുമായി പഞ്ചാബ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ഒരു യോഗം ഡൽഹിയിൽ വിളിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങും മുൻ കാബിനറ്റ് മന്ത്രി നവജോത് സിങ് സിദ്ധുവും തമ്മിൽ ദീർഘകാലമായി തുടരുന്ന കലഹം കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്ററിലൂടെ നടന്ന വാഗ്വാദങ്ങളിലൂടെ കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
പഞ്ചാബിലെ സ്ഥിതിഗതികൾ മനസിലാക്കാൻ എംഎൽഎ സംഗത് സിങ് ഗിൽജിയയോട് പാർട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും നവജോത് സിങ് സിദ്ധുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാന യൂണിറ്റിനെ ശക്തിപ്പെടുത്തുന്നതിനുമായി കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജെ പി അഗർവാൾ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.