ന്യൂഡല്‍ഹി:രാജ്യത്തെ വിലക്കയറ്റം, തൊഴിലില്ലായ്‌മ, ജിഎസ്‌ടി വര്‍ധന എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണയില്‍ നിന്ന് വ്യത്യസ്‌തമായി കറുത്ത വസ്‌ത്രങ്ങള്‍ ധരിച്ചാണ് രാജ്യതലസ്ഥാനത്ത് ഇന്ന്(05.08.2022) കോണ്‍ഗ്രസ് പ്രവര്‍ത്തകരും എം.പിമാരും പ്രതിഷേധം നടത്തിയത്. രാഷ്‌ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ച് തടഞ്ഞ് ഡൽഹി പൊലീസ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെയും അറസ്‌റ്റ് ചെയ്‌തിരുന്നു.
പാര്‍ലമെന്‍റില്‍ ബിജെപി അംഗങ്ങള്‍ വിലക്കയറ്റം കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിരുന്നു. കറുത്ത വസ്‌ത്രം ധരിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ രോഷമാണെന്ന് പ്രതിഷേധത്തിന്‍റെ ആശയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗൊഗോയ് അഭിപ്രായപ്പെട്ടു. ഉയർന്ന പണപ്പെരുപ്പമുണ്ടെന്ന് ആർബിഐ ഗവർണർ പോലും സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ ബിജെപി എംപിമാരും ധനമന്ത്രിയും സഭയില്‍ ജനങ്ങളോട് കള്ളം പറയുകയാണ് ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.
രാവിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ വെള്ള ഷർട്ടും കറുത്ത ബാൻഡും ധരിച്ചാണ് രാഹുൽ ഗാന്ധി എത്തിയത്. പിന്നാലെ പാര്‍ലമെന്‍റ് സമുച്ചയത്തിലെ പ്രതിഷേധത്തിനും രാഷ്‌ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലും പങ്കെടുക്കാനായി അദ്ദേഹം കറുത്ത ഷര്‍ട്ട് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ പുരുഷ എം.പിമാരും പ്രവര്‍ത്തകരും ഉള്‍പ്പടെയാണ് പ്രതിഷേധമാര്‍ച്ചിലും മറ്റും പങ്കെടുത്തത്.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വനിത എംപിമാരും കറുത്ത വസ്‌ത്രം ധരിച്ചാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. കറുത്ത സൽവാർ വസ്‌ത്രം ധരിച്ചാണ് പ്രിയങ്ക ഗാന്ധി എഐസിസി ആസ്ഥാനത്തിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയത്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌താണ് പ്രിയങ്കയെ സ്ഥലത്ത് നിന്നും നീക്കിയത്.
മുൻ കേന്ദ്രമന്ത്രി പി ചിദംബരവും അദ്ദേഹത്തിന്‍റെ മകനും എംപിയുമായ കാർത്തി ചിദംബരവും കറുത്ത ഷർട്ട് ധരിച്ചാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. മാര്‍ച്ചിനിടെ അറസ്‌റ്റ് ചെയ്യപ്പെട്ട ശശി തരൂര്‍ എംപി കറുത്ത കുര്‍ത്ത ധരിച്ചാണ് എത്തിയത്. കെസി വേണുഗോപാൽ ഉള്‍പ്പടെയുള്ള മറ്റ് നേതാക്കളും കോണ്‍ഗ്രസ് പ്രതിഷേധങ്ങളില്‍ പങ്കാളികളായിരുന്നു.
കോണ്‍ഗ്രസിന്‍റെ പ്രതിഷേധങ്ങള്‍ നേരിടാന്‍ ഡല്‍ഹിയില്‍ ജന്തര്‍ മന്തര്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും, ബാനറുകള്‍ ഉയര്‍ത്തിയും കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്തത്.
പിന്നാലെ കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടയുകയായിരുന്നു. രാഹുൽ ഗാന്ധി, ശശി തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയത്. കോൺഗ്രസ് നേതാക്കളെ ഡൽഹി പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്‌തത്. വിജയ് ചൗക്കില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.