ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും സുരക്ഷ കാര്യത്തില്‍ വീഴ്‌ച വരുത്തി എന്നാരോപിച്ച് ജമ്മു കശ്‌മീര്‍ ഭരണകൂടത്തിന് കോണ്‍ഗ്രസിന്‍റെ രൂക്ഷ വിമര്‍ശനം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ ജമ്മു കശ്‌മീര്‍ ഭരണകൂടം പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് ജമ്മു കശ്‌മീര്‍ ഇന്‍ചാര്‍ജ് രജനി പാട്ടീല്‍ പ്രസ്‌താവന നടത്തി. സുരക്ഷ വീഴ്‌ച അന്യായവും ഒരു പരിപാടിക്ക് സജ്ജമാകാന്‍ തയ്യാറാകാത്ത ഭരണകൂടത്തിന്‍റെ മനോഭാവവുമാണ് കാണിക്കുന്നതെന്ന് രജനി പാട്ടീല്‍ ട്വീറ്റ് ചെയ്‌തു.
നിലവില്‍ ഇതാണ് ജമ്മു കശ്‌മീരില്‍ ഭാരത് ജോഡോ യാത്രയ്‌ക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും നേരിട്ടതെന്നും കൂടുതല്‍ വിവരം ലഭ്യമാകുമ്പോള്‍ അറിയിക്കാമെന്നും കോണ്‍ഗ്രസ് മീഡിയ ഹെഡ് പവന്‍ ഖേര രജനി പാട്ടീലിന്‍റെ ട്വീറ്റ് പരാമര്‍ശിച്ചു കൊണ്ട് പ്രതികരിച്ചു. കശ്‌മീരിലെ ബനിഹാളില്‍ പര്യടനം നടത്തുന്നതിനിടെ സുരക്ഷ സേന പിന്‍വാങ്ങിയത് വലിയ സുരക്ഷ വീഴ്‌ചയാണെന്ന് ആരോപിച്ച് എഐസിസി സംഘടന ചുമതലയുള്ള നേതാവ് കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തു വന്നു.
കളിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ജീവന്‍ കൊണ്ട്: 'ബനിഹാളില്‍ വച്ച് സുരക്ഷ സേന പിന്‍വാങ്ങിയത് ഗുരുതരമായ സുരക്ഷ വീഴ്‌ചയാണ്. ആരാണ് സുരക്ഷ സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്? ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ ഈ ഗുരുതരമായ വീഴ്‌ചയ്‌ക്ക് മറുപടി പറയണം. കൂടാതെ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം', കെ സി വേണുഗോപാല്‍ പറഞ്ഞു.
'രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജീവന്‍ കൊണ്ടാണ് അവര്‍ കളിക്കുന്നത്. അത്രയും പ്രശ്‌നമുള്ള സ്ഥലമാണിത്. അദ്ദേഹത്തിന്‍റെ സുരക്ഷയില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുള്ളറ്റ് പ്രൂഫ് കാറില്‍ രാഹുല്‍ ഗാന്ധിയെ സുരക്ഷ സേന കൊണ്ടുപോകുന്ന ചിത്രം രജനി പാട്ടീല്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ കാറില്‍ കൊണ്ടുപോയത് പ്രവര്‍ത്തകരെ ആശങ്കയിലാക്കി.