ബെംഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ചിറ്റാപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മണികണ്‌ഠ് റാത്തോഡിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ഗൂഢാലോചനെ കുറിച്ച് വ്യക്തമാക്കിയത്. തന്‍റെ കയ്യില്‍ ഖാര്‍ഗെയുടെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ഭാര്യയെയും കുട്ടികളെയും തുടച്ചു നീക്കിയേനെ എന്നാണ് ഫോണില്‍ മണികണ്‌ഠ് പറയുന്നത്.
സംഭവത്തില്‍ പ്രതികരിച്ച് നിരവധി കേണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. 'ഖർഗെ ജിയെയും കുടുംബത്തെയും കൊല്ലുന്നതിനെക്കുറിച്ച് ഫോണിൽ സംസാരിക്കുന്ന ബിജെപി നേതാവ് മണികണ്‌ഠ് റാത്തോഡ് പാർട്ടി ഉന്നത നേതൃത്വത്തിന്‍റെ നീലക്കണ്ണുള്ള കുട്ടിയാണ്. പ്രധാനമന്ത്രി പ്രതികരിക്കുമോ?' -കോൺഗ്രസ് നേതാവ് പവൻ ഖേര ട്വിറ്ററിൽ കുറിച്ചു.
'പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ബൊമ്മൈയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ? കർണാടക പൊലീസും തെരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുക്കുമോ അതോ എഐസിസി പ്രസിഡന്‍റിനെയും കുടുംബത്തെയും കൊല്ലാനുള്ള ഈ വൃത്തികെട്ട ഗൂഢാലോചനയ്‌ക്കെതിരെ മിണ്ടാതിരിക്കുമോ? 6.5 കോടി കന്നഡക്കാർ ബിജെപിയുടെ കുതന്ത്രത്തിന് തക്കതായ മറുപടി നൽകും' -സംഭവത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് ട്വീറ്റ് ചെയ്‌തു.