റായ്‌പൂർ : കോണ്‍ഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിന് റായ്‌പൂരിൽ സമാപനം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുക എന്ന ആഹ്വാനത്തോടെയാണ് മൂന്ന് ദിവസം നീണ്ട പ്ലീനറി സമ്മേളനം അവസാനിച്ചത്. ബിജെപിയുമായും ആർഎസ്എസുമായും ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാത്ത ഒരേയൊരു പാർട്ടി കോണ്‍ഗ്രസ് ആണെന്നും ബിജെപിയുടെ സ്വേച്ഛാധിപത്യ, വർഗീയ, മുതലാളിത്ത ആക്രമണങ്ങള്‍ക്കെതിരെ രാഷ്ട്രീയ മൂല്യങ്ങൾ സംരക്ഷിക്കാൻ എപ്പോഴും പോരാടുമെന്നും പ്ലീനറി സമ്മേളനം വ്യക്തമാക്കി.
ഭരണഘടനയെ സംരക്ഷിക്കുന്നതിനും രാജ്യം നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികളായ സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയ സ്വേച്ഛാധിപത്യം എന്നിവയെ അഭിമുഖീകരിക്കുന്നതിനായി സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ഒരു പൊതു, ക്രിയാത്മക പദ്ധതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്നും കോണ്‍ഗ്രസ്, പ്ലീനറി സമ്മേളനത്തിലൂടെ അറിയിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കായി കന്യാകുമാരി മുതൽ കശ്‌മീർ വരെ 4,000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച രാഹുൽ ഗാന്ധിക്കും, യാത്രയുടെ വിജയത്തിനായി പ്രവർത്തിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവർത്തകർ ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് പൗരന്മാർക്കും പ്ലീനറി സമ്മേളനത്തിൽ പാർട്ടി അഭിന്ദനനം അറിയിച്ചു.
ഭരണഘടനാമൂല്യങ്ങൾ പരമോന്നതമായി വാഴുന്ന ഇന്ത്യയുടെ സമഗ്രവും പുരോഗമനപരവുമായ കാഴ്‌ചപ്പാടാണ് യാത്ര മുന്നോട്ടുവച്ചത്. നാനാത്വവും സമത്വവും സാഹോദര്യവും ആഘോഷിപ്പെട്ടതിലൂടെ ബിജെപിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്‌ചപ്പാടിന് വ്യക്തമായ ബദൽ അവതരിപ്പിക്കാൻ സാധിച്ചു.
ഏതാനും മാസങ്ങൾക്കുള്ളിൽ കോൺഗ്രസ് പ്രവർത്തകരുടെ നിർണായക അടിസ്ഥാന സംഘടനയായ സേവാദളിന്‍റെ നൂറാം വാർഷികം ആഘോഷിക്കും. ബഹുജന സമ്പർക്ക പരിപാടികളിലേക്ക് പുത്തൻ ഊർജം പകരാനുള്ള അവസരമാണിതെന്നും പ്ലീനറി സമ്മേളനം വ്യക്‌തമാക്കി.
ലക്ഷ്യം 2024ലെ തെരഞ്ഞെടുപ്പ് : വരാനിരിക്കുന്ന വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകരും നേതാക്കളും അച്ചടക്കത്തോടെയും സമ്പൂർണ ഐക്യത്തോടെയും പ്രവർത്തിക്കണം. ഈ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ 2024ലെ സുപ്രധാനമായ ലോക്‌സഭ തെരഞ്ഞെടുപ്പിന് നിർണായക പങ്കുവഹിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
കർണാടക, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഛത്തീസ്‌ഗഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിനാകെ മാതൃകയാണെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി.
രാജസ്ഥാന്‍റെ മുഖ്യമന്ത്രി ചിരഞ്ജീവി സ്വാസ്ഥ്യ ബീമാ യോജനയും, ഛത്തീസ്‌ഗഡിലെ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജനയും മറ്റ് സംസ്ഥാനങ്ങൾക്ക് വെല്ലുവിളി സൃഷ്‌ടിച്ചു. ഹിമാചൽ പ്രദേശിലെ പുതിയ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പൂർണമായും നിറവേറ്റിവരികയാണെന്നും പ്രസ്‌താവനയിൽ പറയുന്നു.