ന്യൂഡല്‍ഹി:ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടുന്ന പ്രധാനമന്ത്രി പാര്‍ലമെന്‍റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഓടി രക്ഷപ്പെടുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പാചക വാതക വില കൂട്ടി, അവശ്യ സാധന വിപണിയില്‍ ജിഎസ്‌ടി പ്രഹരമേല്‍പ്പിച്ചു, പ്രതിഷേധിക്കാതിരിക്കാന്‍ വാക്കുകളെ "അണ്‍പാര്‍ലമെന്‍ററി" ആക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്കുകളെ അണ്‍പാര്‍ലമെന്‍ററിയായി പ്രഖ്യാപിച്ച് ചോദ്യങ്ങളെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റില്‍ ഉപയോഗിക്കാതിരിക്കേണ്ട വാക്കുകളെ ഉള്‍പ്പെടുത്തി ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തുവിട്ട പുതിയ ബുക്ക്‌ലെറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1954ല്‍ നിര്‍മിച്ച അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടികയാണ് സര്‍ക്കാര്‍ പുതുക്കിയത്. രാജ്യത്ത് നാണയത്തിന്‍റെ മൂല്യം ഇടിയുകയാണ്. ഡോളറിനോട് നാണയത്തിന്‍റെ വില 80 രൂപയായി ഉയര്‍ന്നു. ഗ്യാസ് കൊണ്ടുവരുന്നയാള്‍ 1050 രൂപ ആവശ്യപ്പെടുന്നു. രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം 1.3 കോടി കവിഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ക്ക് ജിഎസ്‌ടി ഉയര്‍ത്തി, സാമൂഹിക വിഷയങ്ങളില്‍ നിന്നും മുഖം തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തു.