ന്യൂഡൽഹി: രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലേക്ക് മൺസൂൺ എത്താൻ വൈകിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. അതേസമയം മൂന്ന് ദിവസത്തിനുള്ളിൽ ഗുജറാത്തിലേക്കും ഉത്തർപ്രദേശിലേക്കും മൺസൂൺ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ മൺസൂൺ ദിയു, സൂറത്ത്, നന്ദൂർബാർ, ഭോപ്പാൽ, നൗഗോംഗ്, ഹാമിർപൂർ, ബരബങ്കി, ബറേലി, സഹാറൻപൂർ, അംബാല, അമൃത്സർ എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ജൂൺ 15ഓടെ ഡൽഹിയിൽ മൺസൂൺ എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്‍റെ ആദ്യ പ്രവചനം. സാധാരണ നിലയിൽ ഡൽഹിയിൽ മൺസൂൺ ജൂൺ 27നാണ് ആരംഭിക്കാറുള്ളത്. ജൂൺ 27ന് ഡൽഹിയിലെത്തുന്ന മൺസൂൺ മേഘങ്ങൾ ജൂലായ് എട്ടോടെ രാജ്യത്താകെ മഴയെത്തിക്കുന്നതുമായിരുന്നു പതിവ്.
Also Read:സ്വകാര്യ സ്ഥലത്ത് ചൂതാട്ടം; തെലങ്കാന മന്ത്രിയുടെ സഹോദരൻ പിടിയിൽ
കഴിഞ്ഞ ഏതാനം ദിവസങ്ങളായി പടിഞ്ഞാറൻ കാറ്റിന്‍റെ പ്രഭാവത്താലാണ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മഴയെത്താൻ വൈകുന്നത് എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഈ കാറ്റ് ഒരാഴ്‌ച കൂടി തുടരാൻ സാധ്യതയുള്ളതിനാൽ ജൂൺ 27ഓടെ തന്നെയായിരിക്കും ഡൽഹിയിൽ മഴയെത്തുക എന്നും വിദഗ്‌ധർ അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കിഴക്കൻ മധ്യപ്രദേശ്, ചത്തീസ്‌ഗഡ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വരുന്ന രണ്ട് ദിവസം ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്.