ന്യൂഡല്‍ഹി: യുഎസ് ക്യാപിറ്റോളില്‍ നടന്ന പ്രതിഷേധത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ഇന്ത്യക്കാരനെതിരെ പരാതി. വിന്‍സന്‍റ് സേവ്യയറിനെതിരെയാണ് ഡല്‍ഹിയിലെ കല്‍ക്കജി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരിക്കുന്നത്.
യുഎസ് ക്യാപിറ്റോള്‍ പ്രതിഷേധത്തിനിടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ഇന്ത്യക്കാരനെതിരെ പരാതി
ഇന്ത്യക്കാരനായ വിന്‍സന്‍റ് സേവ്യയറിനെതിരെയാണ് ഡല്‍ഹിയിലെ കല്‍ക്കജി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
അഭിഭാഷകനായ ദീപക് കെ സിങാണ് പരാതി നല്‍കിയിരിക്കുന്നത്. 1971ലെ നാഷണല്‍ ഹോണര്‍ ആക്‌ട് , 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം, ഐപിസി 124 എ എന്നിവ പ്രകാരം കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. തികച്ചും അനുചിതമായ സന്ദര്‍ഭത്തില്‍ മഹത്വത്തെ താഴ്‌ത്തി കെട്ടുന്ന തരത്തില്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. ക്യാപിറ്റോള്‍ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിലൂടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമ വിന്‍സന്‍റ് സേവ്യര്‍ പതാകയെ അപമാനിച്ചെന്നും ദീപക് കെ സിങ് വ്യക്തമാക്കുന്നു. വിന്‍സന്‍റ് സേവ്യറിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൂട്ടാന്‍ ഫേസ്‌ബുക്കിനോടും ട്വിറ്ററിനോടും അഭ്യര്‍ഥിക്കുന്നുവെന്നും ദീപക് കെ സിങ് കൂട്ടിച്ചേര്‍ത്തു. പരാതിയില്‍ നിയമപരമായ ഉപദേശം തേടുമെന്ന് പൊലീസ് അറിയിച്ചു.
ബൈഡന്‍റെ വിജയപ്രഖ്യാപനത്തിനായി ചേർന്ന യുഎസ് കോൺഗ്രസ് സമ്മേളനത്തിനിടെ വലിയ പ്രതിഷേധമാണ് ട്രംപ് അനുകൂലികൾ നടത്തിയത്. യുഎസ് കോൺഗ്രസ് ചേരുന്ന കാപ്പിറ്റോൾ ബില്‍ഡിങിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുയായികൾ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. വ്യാഴാഴ്‌ച നടന്ന പ്രക്ഷോഭത്തില്‍ യുഎസില്‍ അഞ്ച് പേരാണ് ഇതുവരെ മരിച്ചത്.