കേരളം

kerala

ETV Bharat / bharat

'ചങ്ങാത്ത മുതലാളിമാരെ സമ്പന്നരാക്കാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു'; അദാനി സാംഘി സിമന്‍റ്‌സ് ഏറ്റെടുത്തതില്‍ ജയ്‌റാം രമേശ്

അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്‍റ് കമ്പനി, സാംഘി സിമന്‍റ്സ്‌ ഇൻഡസ്ട്രീസ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് വിമര്‍ശനം

Companies competing with Adani for prized assets  CBI ED IT raids Congress  Congress against CBI ED IT raids  അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു  സാംഘി സിമന്‍റ്‌സ് ഏറ്റെടുത്തതില്‍ ജയ്‌റാം രമേശ്  ചങ്ങാത്ത മുതലാളിമാരെ സമ്പന്നരാക്കാൻ കേന്ദ്രം  അദാനി
സാംഘി സിമന്‍റ്‌സ് ഏറ്റെടുത്തതില്‍ ജയ്‌റാം രമേശ്

By

Published : Aug 5, 2023, 5:50 PM IST

Updated : Aug 5, 2023, 11:00 PM IST

ന്യൂഡൽഹി: ചങ്ങാത്ത മുതലാളിമാരെ സമ്പന്നരാക്കാൻ ബിജെപി സർക്കാർ, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്‌. അദാനി കമ്പനി സാംഘി സിമന്‍റ്‌സ് ഏറ്റെടുത്തതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സിമന്‍റ് കമ്പനികള്‍ തുടങ്ങിയ അദാനി ഗ്രൂപ്പുമായി മത്സരിക്കുന്ന സ്ഥാപനങ്ങളെ റെയ്‌ഡിലൂടെ വേട്ടയാടുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കം ചങ്ങാത്ത മുതലാളിമാരെ കൂടുതല്‍ സമ്പന്നരാക്കാൻ വേണ്ടിയാണെന്നും ജയ്‌റാം രമേശ് ആരോപിച്ചു.

സിബിഐ, ഇഡി, ഇന്‍കംടാക്‌സ് എന്നീ അന്വേഷണ ഏജന്‍സികളെയാണ് ഇത്തരത്തില്‍ റെയ്‌ഡുകള്‍ക്കായി പറഞ്ഞുവിടുന്നത്. ആത്യന്തികമായി രാജ്യത്തെ സ്വത്തുക്കൾ അദാനിയുടെ കൈകളിലെത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തങ്ങള്‍ക്ക് ചോദിക്കാനുള്ള 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ 'ഹം അദാനി കെ ഹേ കൗൻ' (എച്ച്എഎച്ച്‌കെ) പ്രതിഷേധത്തില്‍ ഇതുമായി ബന്ധപ്പെട്ടവ ഉന്നയിച്ചിരുന്നു. അന്വേഷണ ഏജൻസികൾ നടത്തിയ റെയ്‌ഡുകളിൽ നിന്ന് അദാനി ഗ്രൂപ്പ് ആവർത്തിച്ച് ലാഭമുണ്ടാക്കിയത് എങ്ങനെയെന്നും തങ്ങള്‍ മുന്‍പ് ചോദിച്ചിരുന്നെന്നും ജയ്‌റാം രമേശ് പ്രസ്‌താവനയിൽ പറഞ്ഞു.

'പുതിയ എപ്പിസോഡാണ് ഈ ഏറ്റെടുക്കല്‍':ഈ പരിപാടിയില്‍ ഏറ്റവും പുതിയ എപ്പിസോഡ്, സാംഘി സിമന്‍റ് ഇൻഡസ്ട്രീസിനെ അദാനിയുടെ അംബുജ സിമന്‍റ്‌സ് കമ്പനി ഏറ്റെടുക്കുന്നതാണെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിമന്‍റ് നിർമാണ കമ്പനിയാണ് സാംഘി ഇൻഡസ്ട്രീസ്. ഇതുമായി ബന്ധപ്പെട്ട നാള്‍ വഴികളടക്കം ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വിമര്‍ശനം. ജയ്‌റാം രമേശിന്‍റെ പ്രസ്‌താവനയില്‍ പറയുന്നത് ഇങ്ങനെയാണ്.

'ഏപ്രിൽ 28, 2023: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിമന്‍റ് നിർമാതാക്കളായ 'ശ്രീ സിമന്‍റ്', സാംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട് വരുന്നു. ജൂൺ 21, 2023: ആദായനികുതി വകുപ്പ് 'ശ്രീ സിമന്‍റി'നെതിരെ അഞ്ച് ഇടങ്ങളില്‍ റെയ്‌ഡ് ആരംഭിക്കുന്നു. ജൂലൈ 12, 2023 : സാംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുക്കാനുള്ള ലേലത്തില്‍ നിന്നും 'ശ്രീ സിമന്‍റ്' പുറത്തുകടക്കുന്നു. ഓഗസ്റ്റ് മൂന്ന്, 2023: അദാനിയുടെ അംബുജ സിമന്‍റ്‌സ്, സാംഘി ഇൻഡസ്ട്രീസ് ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്നു' - ജയ്‌റാം രമേശ്, വാര്‍ത്തകളടക്കം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനും അദാനിക്കുമുള്ള ബന്ധം ആരോപിച്ചത്.

രാഹുലിനെതിരായ വിധിയിലെ സ്റ്റേ; ആത്മവിശ്വാസം വീണ്ടെടുത്ത് കോണ്‍ഗ്രസ്:മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരമാവധി ശിക്ഷയില്‍ സുപ്രീം കോടതി ഇന്നലെയാണ് സ്‌റ്റേ നല്‍കിയത്. 2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി വിധി വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന് നല്‍കിയത്. എല്ലായ്‌പ്പോഴും വിജയിക്കുക സത്യം മാത്രമായിരിക്കുമെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. തനിക്ക് നല്‍കിയ പിന്തുണയ്‌ക്ക് രാഹുല്‍ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.

READ MORE |'സത്യം എന്നും വിജയിക്കും, പിന്തുണച്ചതിന് ജനങ്ങള്‍ക്ക് നന്ദി'; സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

'വിജയം രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും കൂടി വിജയമാണെന്ന്' കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ശിക്ഷ വിധിച്ചതിന് 24 മണിക്കൂറുകള്‍ക്ക് ശേഷം ലോക്‌സഭയില്‍ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയെങ്കില്‍, അയോഗ്യത നീക്കിയ ശേഷം എത്ര സമയം കൊണ്ട് അദ്ദേഹത്തെ സഭയിലേയ്‌ക്ക് തിരിച്ചെടുക്കുമെന്നും ഖാര്‍ഗെ ചോദിച്ചു.

Last Updated : Aug 5, 2023, 11:00 PM IST

ABOUT THE AUTHOR

...view details