ശ്രീനഗർ (ജമ്മു കശ്‍മീർ): കശ്‍മീരിൽ കടുത്ത തണുപ്പ് ശക്തിപ്രാപിച്ചു ( Cold wave intensifies in Kashmir). ശ്രീനഗറിൽ കുറഞ്ഞ താപനിലയിൽ മാറ്റമുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്‌ച രാത്രി മുതൽ മിക്ക ഇടങ്ങളിലും താപനിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജമ്മു കശ്‍മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ മൈനസ് 4.8 ഡിഗ്രി സെൽഷ്യസിൽ നിന്നും മൈനസ് 5.2 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കശ്‍മീരിലേക്കുള്ള പ്രവേശന കവാടമായ ഖാസിഗുണ്ടിൽ കഴിഞ്ഞ രാത്രി മൈനസ് 3.6 ഡിഗ്രി സെൽഷ്യസിൽ നിന്നും മൈനസ് 4.4 ഡിഗ്രി സെൽഷ്യസാണ് രേഖപെടുത്തിയത്. ഗേറ്റ്‌വേ നഗരമായ കശ്‍മീരിലെ ഏറ്റവും കുറഞ്ഞ താപനില 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കശ്‍മീരിലെ പ്രധാന റിസോർട്ടായ പഹൽഗാമിൽ കഴിഞ്ഞ ദിവസം രാത്രി മൈനസ് 6.2 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൈനസ് 5.7 ഡിഗ്രി സെൽഷ്യസായി താഴ്ന്നിരുന്നു.
കൂടാതെ, വടക്കൻ കശ്‍മീരിലെ തന്നെ കുൽഗാമിൽ പ്രവർത്തിക്കുന്ന ലോകപ്രശസ്‌ത സ്‌കീയിംഗ് റിസോർട്ടിൽ മൈനസ് 4.0 ഡിഗ്രി സെൽഷ്യസിൽ നിന്നും മൈനസ് 3.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രാത്രി രേഖപ്പെടുത്തിയത്. ജമ്മു കശ്‍മീരിലെ ശീതകാല തലസ്ഥാനമായ ജമ്മുവിൽ കഴിഞ്ഞ ദിവസം രാത്രി താപനില 7.3 ഡിഗ്രി സെൽഷ്യസിൽ നിന്ന് 7.7 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. കനത്ത മൂടൽമഞ്ഞും കുറഞ്ഞ ദൂരക്കാഴ്ച്ചയും കാരണം കശ്‍മീരിലെ ചില ഭാഗങ്ങളിൽ ഗതാഗത തടസം നേരിട്ടിരുന്നു. എന്നാൽ താപനിലയിൽ ഉണ്ടായ വ്യത്യാസം യാത്രക്കാർക്ക് ആശ്വാസം നൽകി.
കശ്‍മീർ താഴ്‌വര നിലവിൽ 'ചില്ലൈ-കാലൻ' (കശ്‍മീരിൽ 40 ദിവസത്തെ കഠിനമായ ശൈത്യകാലം) ആണ്. അതേസമയം ജനുവരി 3 വരെ കശ്‍മീർ താഴ്‌വരയിൽ വരണ്ട കാലാവസ്ഥ പ്രവചിച്ചിരിക്കുകയാണ് പ്രാദേശിക കാലാവസ്ഥാ വകുപ്പ്. ജനുവരി 4-5 മുതൽ സമതലങ്ങളിൽ മേഘാവൃതവും വരണ്ടതുമായ കാലാവസ്ഥയും വളരെ നേരിയതോതിൽ മഞ്ഞുവീഴ്‌ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജനുവരി 6-7 മുതൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തത്തിൽ, ജനുവരി 7 വരെ കാര്യമായ കാലാവസ്ഥാ മാറ്റങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന.