ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഡിസംബര്‍ മാസത്തില്‍ സാധാരണയുണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ശൈത്യമാണ് അനുഭവപ്പെടുന്നത്. ഇന്ന് ഡല്‍ഹിയിലെ സഫ്ദര്‍ ജംഗില്‍ നാല് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത് സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ നാല് ഡിഗ്രി കുറവാണിത്.
ഇന്നലെ ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും കടുത്ത ശൈത്യമാണ് രേഖപ്പെടുത്തിയത്. 3.2 ഡിഗ്രി സെല്‍ഷ്യസ്. സാധാരണയുള്ളതിനേക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസിന്‍റെ കുറവാണിത്.
ഡല്‍ഹിയില്‍ ആപേക്ഷിക ഈര്‍പ്പം ( relative humidity) 94 ശതമാനമാണ്. ഡല്‍ഹിയില്‍ ഇന്ന് മൂടല്‍ മഞ്ഞിനുള്ള സാധ്യതയുണ്ടെന്നും ഉയര്‍ന്ന താപനില 21 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (India Meteorological Department) പ്രവചിക്കുന്നു.
പടിഞ്ഞാറാന്‍ ക്ഷോഭം (Western Disturbances) എന്നറിയപ്പെടുന്ന കാലവസ്ഥ പ്രതിഭാസവും തത്ഫലമായി തണുത്ത വടക്ക് പടിഞ്ഞാറന്‍ കാറ്റിന്‍റെ ശക്തികുറയുന്നതും ഇന്ന് രാത്രി മുതല്‍ അതിശൈത്യം കുറയാന്‍ സാധ്യതയുണ്ടെന്ന് ഐ.എം.ഡിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ആര്‍.കെ ജനാമണി പറഞ്ഞു.
ഹരിയാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഖഢ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ ഇന്ന് ശീതകാറ്റുണ്ടായെന്ന് ഐ.എം.ഡി വ്യക്തമാക്കി. ശൈത്യത്തോടൊപ്പം ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായി. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 380 ആണ്.