കോയമ്പത്തൂർ (തമിഴ്‌നാട്) :റഷ്യൻ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനോടൊപ്പം പോരാടാൻ ഇന്ത്യൻ പൗരനും. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് എന്ന 21കാരനാണ് യുക്രൈന്‍റെ നാഷണൽ ജോർജിയൻ ലെജിയനിൽ (NGL) ചേർന്നത്.
കോയമ്പത്തൂർ തുടിയലൂർ സ്വദേശിയായ സായ് നികേഷ്, ഖാർകിവിലെ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിങ് നാലാം വർഷ വിദ്യാർഥിയാണ്. 2018 മുതൽ യുക്രൈനിൽ പഠിക്കുന്ന നികേഷ് ഫെബ്രുവരി 18 മുതൽ എൻജിഎല്ലിൽ യുദ്ധപരിശീലനം നേടിയതായി തുടിയലൂർ പൊലീസ് സമർപ്പിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച ഇന്‍റലിജൻസ് റിപ്പോർട്ട് ഇടിവി ഭാരതിന് ലഭിച്ചു.
കുട്ടിക്കാലം മുതൽ പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഉയരക്കുറവ് കാരണം അതിന് കഴിഞ്ഞിരുന്നില്ലെന്നാണ് നികേഷിന്‍റെ ബന്ധുക്കൾ പറയുന്നത്. രണ്ട് ദിവസം മുമ്പും മാതാപിതാക്കൾ നികേഷുമായി ഫോണിൽ സംസാരിച്ചിരുന്നു. യുക്രൈനിൽ സംഘർഷം രൂക്ഷമായതിനെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ നാട്ടിലേക്ക് മടങ്ങാൻ കുടുംബം നികേഷിനെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ വിസമ്മതിച്ച നികേഷ് റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രൈൻ സൈനികരോടൊപ്പം തുടരാൻ തീരുമാനിച്ചു.