''ചൂടുകാപ്പി, മഴ, ജോണ്‍ഷന്‍ മാഷിന്‍റെ പാട്ട്...ആഹാ അന്തസ്''. മലയാളികള്‍ കാപ്പി പ്രേമത്തെ ഇങ്ങനെയും അടയാളപ്പെടുത്താറുണ്ട്. ലോകത്ത് ഏത് കോണുകളില്‍ ജീവിക്കുന്നവരാകട്ടെ അവര്‍ക്കനുഭവപ്പെട്ട രൂപത്തില്‍ കാപ്പിക്കമ്പത്തെ തനതായ വിശേഷണം നല്‍കുന്നതില്‍ മിടുക്കരാണ്. ഈ ആഗോള കാപ്പി പ്രേമികള്‍ കണ്ടറിയേണ്ട, അനുഭവിക്കേണ്ട അനേകം കാപ്പിനാടുകളുണ്ട് രാജ്യത്ത്.
മൈലുകളോളം വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടങ്ങള്‍ സുന്ദര കാഴ്‌ചകള്‍ നല്‍കുന്നവ കൂടിയാണ്. അതില്‍ പ്രധാനമായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഈ നാടുകളിലെ മലമ്പ്രദേശങ്ങളിലാണ് കാപ്പിത്തോട്ടങ്ങള്‍.
കൂർഗ് : കര്‍ണാടകയിലാണ് കൂര്‍ഗ്. നിരവധി തടാകങ്ങൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, സസ്യജന്തുജാലങ്ങളുടെ സമ്പന്നത എന്നിവയാല്‍ സമ്പന്നമാണിവിടം. കൂർഗ് അറബിക്ക, റോബസ്റ്റ ഇനം കാപ്പിച്ചെടികള്‍ക്ക് പേരുകേട്ട നാടുകൂടിയാണിത്. ഇന്ത്യയിലെ കാപ്പിയുടെ 40 ശതമാനവും കൂർഗിലാണ് കൃഷി ചെയ്യുന്നത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു.
നവംബർ മാസമാണ് ഈ കാപ്പി തോട്ടമടങ്ങിയ മലയോര നാട് സന്ദർശിക്കാൻ അനുയോജ്യമായ സമയം. കാപ്പിക്കായ പറിക്കലിന് സാക്ഷ്യം വഹിക്കുന്ന കാലയളവുകൂടിയാണിത്. അതുകൊണ്ടുതന്നെ കാപ്പിപ്രേമികള്‍ക്ക് ഈ സുന്ദര കാഴ്‌ചയും നേരിട്ട് അനുഭവിക്കാം. അബ്ബി വെള്ളച്ചാട്ടം, ബൈലക്കുപ്പയിലെ മിനി ടിബറ്റ് കേന്ദ്രം, വിരാജ്പേട്ട്, മന്ദൽപട്ടി എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.
ചിക്കമംഗളൂരു : 'കർണാടകയുടെ കാപ്പി നാട്' എന്നറിയപ്പെടുന്ന ഇടമാണ് ചിക്കമംഗളൂരു. കാപ്പി പ്രേമികൾ നിര്‍ബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണിവിടം. ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് ആദ്യം കാപ്പി നട്ടത് ഇവിടെയെന്നാണ് ചരിത്രം പറയുന്നത്. രാജ്യത്ത് നിലവില്‍ കാപ്പിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ചിക്കമംഗളൂരുവില്‍ നിന്നാണ്. പ്രദേശത്തെ തോട്ടങ്ങള്‍ക്കിടയില്‍ റിസോർട്ടുകൾ ഉള്ളതിനാല്‍ കാപ്പി നുകരുന്നവര്‍ക്ക് ഇവിടങ്ങളില്‍ താമസിക്കുന്നത് മനം കുളിര്‍പ്പിക്കുന്ന അനുഭവമായിരിക്കും സമ്മാനിക്കുക.
പളനി ഹിൽസ് : പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്‌നാട്ടിലെ പളനി മലകളും കാപ്പിത്തോട്ടങ്ങളാല്‍ സമൃദ്ധമാണ്. പുറമെ അവൊക്കാഡോ, കുരുമുളക്, നാരങ്ങ എന്നിവയുടെ തോട്ടങ്ങളും ഈ പ്രദേശത്തുണ്ട്. രാജാക്കാട് എസ്റ്റേറ്റിൽ 18ാം നൂറ്റാണ്ട് മുതല്‍ പ്രവര്‍ത്തനം തുടരുന്ന ഹോട്ടലുണ്ട്. അവിടെ, പളനി ഹില്‍സിന്‍റെ സ്വന്തം കാപ്പിയാണ് അതിഥികള്‍ക്ക് നല്‍കാറുള്ളത്.
വയനാട് : വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയായ കേരളത്തിലെ വയനാട്ടില്‍ അനേകം കാപ്പിത്തോട്ടങ്ങളാണുള്ളത്. നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ ഇവിടേക്ക് യാത്ര ചെയ്യുകയാണെങ്കിൽ മഞ്ഞുപുതച്ച് നില്‍ക്കുന്ന തോട്ടങ്ങള്‍ കാണാം. 8,000 വർഷം പഴക്കമുള്ള ലിഖിതങ്ങളുള്ള എടക്കൽ ഗുഹ ഉള്‍പ്പടെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
ചിഖൽധാര : പൂനെയിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ചിക്കൽധാര സ്ഥിതി ചെയ്യുന്നത്. മഹാരാഷ്‌ട്രയിലെ ഒരേയൊരു കാപ്പിത്തോട്ടങ്ങളില്‍ ഒന്നാണിത്. മനോഹരമായ തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, നിരവധി കുന്നിൻ പ്രദേശങ്ങൾ എന്നിവ സമീപത്തുണ്ട്. പക്ഷി നിരീക്ഷകരുടെ പറുദീസ, ചരിത്ര കുതുകികളുടെ ആകർഷക കേന്ദ്രം എന്നിവ കൂടിയാണിവിടം. നിരവധി പഴയ കോട്ടകളും സമീപ പ്രദേശത്തുണ്ട്. കാപ്പിപ്രേമി എന്നതിന് പുറമെ തിരക്കുകളില്‍ നിന്ന് മാറി സമാധാനത്തോടെ അവധിക്കാലം ചെലവിടാന്‍ ആഗ്രഹിക്കുന്ന ആളുകൂടിയാണ് നിങ്ങളെങ്കില്‍ ഇവിടേക്ക് വെച്ചുപിടിക്കുന്നത് ഉത്തമം.
അരക്ക് താഴ്‌വര : ആന്ധ്രയിലെ വിശാഖപട്ടണം ജില്ലയിലുള്ള മനോഹരമായ ഇടമാണ് അരക്കുവാലി. നിരവധി ഗോത്ര വിഭാഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയായ പ്രദേശം കാപ്പിത്തോട്ടങ്ങളാല്‍ പച്ചപുതച്ചുകിടക്കുന്ന നാടാണ്. 'അരക്ക് എമറാൾഡ്' എന്നറിയപ്പെടുന്ന പ്രദേശത്തിന്‍റെ സ്വന്തം ബ്രാൻഡ് പ്രശസ്‌തമാണ്. ഗോത്ര വിഭാഗങ്ങളാണ് ഇവ കൃഷിചെയ്യുന്നത്. സന്ദർശകർക്ക് അവരിൽ നിന്ന് നേരിട്ട് കാപ്പിപ്പൊടി വാങ്ങാവുന്നതാണ്. ചിന്താപ്പള്ളി, പാടേരു, മാറേഡുമില്ലി എന്നിവയാണ് കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ മറ്റ് നാടുകള്‍.