ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്‌ച ഹൈദരാബാദിലെ ഗച്ചി ബൗളിയിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് ആരോഗ്യ നില മോശമാകാൻ കാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഗ്യാസ്ട്രിക് സംബന്ധമായ പരിശോധനകളായ എൻഡോസ്കോപ്പി, സിടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയതായി എഐജി ആശുപത്രി ചെയർമാൻ ഡോ.ഡി നാഗേശ്വർ റെഡ്ഡി പറഞ്ഞു.
പരിശോധനകൾക്ക് ശേഷം കെസിആറിൻ്റെ വയറിൽ അൾസർ ഉണ്ടെന്ന് കണ്ടെത്തി. ഭാര്യ ശോഭയുടെയും മകൾ കെ കവിതയുടെയും കൂടെയാണ് കെസിആർ ആശുപത്രിയിലെത്തിയത്. ആരോഗ്യമന്ത്രി ഹരീഷ് റാവു, ടൂറിസം മന്ത്രി ശ്രീനിവാസ് ഗൗഡ്, ആദിവാസി ക്ഷേമ മന്ത്രി സത്യവതി റാത്തോഡ്, സർക്കാർ വിപ്പ് കൗശിക് റെഡ്ഡി തുടങ്ങിയവർ ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു. 69 കാരനായ അദ്ദേഹത്തിന് രാവിലെയാണ് വയറുവേദന അനുഭവപ്പെട്ടതെന്ന് എഐജി ഹോസ്‌പിറ്റൽസ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇടതുകൈ വേദനയെ തുടർന്ന് കഴിഞ്ഞ വർഷം ഇതേ ദിവസം മുഖ്യമന്ത്രി കെസിആറിന് അസുഖം ബാധിച്ചിരുന്നു. തുടർന്ന് സോമാജിഗുഡയിലെ യശോദ ആശുപത്രിയിൽ വച്ച് രക്തപരിശോധന, കൊറോണറി ആൻജിയോഗ്രാം, ഇസിജി, 2ഡി എക്കോ, ബ്രെയിൻ, നട്ടെല്ല് എന്നിവയുടെ എംആർഐ പരിശോധനകൾ നടത്തിയിരുന്നു. അന്നത്തെ പരിശോധനയിൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം, അദ്ദേഹം ആരോഗ്യവാനാണെന്ന് ഡോക്‌ടർമാർ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ ഐക്യത്തിന് ചുക്കാൻ പിടിച്ച നേതാവ്:അതേസമയം ‘നിർമ വാഷിംഗ് പൗഡർ പരസ്യത്തില്‍ ബിജെപി നേതാക്കളുടെ മുഖം മോര്‍ഫ് ചെയ്‌ത് ചേര്‍ത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കെസിആറിന്‍റെ ബിആര്‍എസ് സ്വീകരിച്ചത് ഇന്ന് ഏറെ വാർത്തയായിരുന്നു. എല്ലാത്തരം അഴിമതി ആരോപണങ്ങളിൽ നിന്നും സ്വയം ഒഴിയാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ആ നേതാക്കൾ കാവി പാർട്ടിയിൽ ചേർന്നതെന്ന് കാണിക്കാനാണ് ഹോർഡിങ്ങുകൾ സ്ഥാപിച്ചതെന്ന് ബിആർഎസ് വിശദീകരണവും നൽകി.
എന്നും ബിജെപി സംഘപരിവാർ രാഷ്‌ട്രീയത്തിന് എതിര് നിന്ന ചരിത്രമാണ് കെസിആറിനും അദ്ദേഹത്തിൻ്റെ പാർട്ടി ബിആർഎസിനുമുളളത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ കൂട്ടാതെ തന്നെ ബിജെപിക്കെതിരെ പ്രതിരോധം തീർക്കാൻ ഒരു മുന്നണി എന്ന ആശയമാണ് കെസിആർ തെലങ്കാനയിലെ ഖമ്മത്തില്‍ നടന്ന മഹാറാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിദ് കെജ്‌രിവാളിൻ്റെയും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കൈ പിടിച്ചു കൊണ്ട് തെളിയിച്ചത്. ആദ്യം കോൺഗ്രസിന് കൈകൊടുത്തിരുന്നെങ്കിലും ഉടനെ തന്നെ അദ്ദേഹം അതിൽ നിന്നും പിന്തിരിഞ്ഞിരുന്നു.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ലക്ഷ്യമിടുന്ന പ്രതിപഷ ഐക്യം അവർക്ക് മുന്നേ പടുക്കാനുള്ള കെസിആറിൻ്റെ ശ്രമമാണ് ഖമ്മത്ത് നടന്ന റാലിയിൽ കാണാൻ സാധിച്ചത്. സിപിഐ നേതാവ് ഡി. രാജ, പിണറായി വിജയന്‍, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, എന്നിവർ കൂടി കെസിആറിൻ്റെ കൂടെകൂടിയപ്പോൾ അദ്ദേഹത്തിൻ്റെ ശ്രമം ഫലം കാണുകയായിരുന്നു. ഇനിയും കൂടുതൽ നേതാക്കളും പാർട്ടികളും കെസിആർ നിരയിൽ പ്രത്യക്ഷപ്പെടുമോ എന്നത് കണ്ടറിയണ്ട കാര്യമാണ്.