ഇംഫാല്‍ : മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ശക്തികളുടെ പങ്കുണ്ടാകാമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കാര്യങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്നതെന്നുമാണ് തന്‍റെ സംശയമെന്നും അദ്ദേഹം പറഞ്ഞു.
'മ്യാന്‍മറുമായി മണിപ്പൂര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും സംസ്ഥാനത്തിന് അടുത്താണ്. അതിര്‍ത്തിയില്‍ 398 കിലോമീറ്ററോളം പ്രദേശം പ്രത്യേകമായി കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മേഖലയാണ്.
അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ട്. എങ്കിലും ഇത്രയും വിശാലമായ മേഖലയില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ അവര്‍ക്കും സാധിക്കില്ല. ഇതെല്ലാം കൊണ്ടുതന്നെ മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ കഴിയില്ല' - ബിരേന്‍ സിങ് പറഞ്ഞു.
'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കുക്കി സഹോദരന്‍മാരോടും സഹോദരിമാരോടും ആശയവിനിമയം നടത്തി. പഴയകാര്യങ്ങള്‍ മറന്ന് പഴയപോലെ ജീവിക്കാമെന്ന് ടെലിഫോണ്‍ സംഭാഷണത്തിനിടെ അവരോട് പറഞ്ഞിരുന്നു.
മ്യാന്‍മാറില്‍ അരങ്ങേറിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്ത് നിന്ന് വരുന്ന ആളുകളെ സ്‌ക്രീൻ ചെയ്യാനും സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ അവരെ തിരിച്ചയക്കാനും മാത്രമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ എല്ലാ ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണമെന്നും ബിരേന്‍ സിങ് ആവശ്യപ്പെട്ടു.