ബംഗാൾ : പശ്ചിമ ബംഗാളിലെ കൂച്ചിൽ യുവതിയെ അമ്മയും പുരുഷസുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. അർപിത മല്ലിക് (23) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന യുവാവുമായി അമ്മയ്ക്കുള്ള അടുപ്പം മകളറിഞ്ഞതിനെ തുടർന്നാണ് ക്രൂരമായ വധം. ഇരുവരും ചേര്‍ന്ന് പെൺകുട്ടിയെ മര്‍ദിച്ച് കൊല്ലുകയായിരുന്നു.
കൂച്ചിലെ ചങ്രബന്ധ മേഖലയിലാണ് അതിക്രൂരമായ സംഭവം. മരിച്ച പെൺകുട്ടിയുടെ അമ്മാവൻ ബിമൽ മല്ലിക് ബുധനാഴ്‌ച മെഖ്‌ലിഗഞ്ച് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പരാതി ലഭിച്ചതിനെ തുടർന്ന് എഫ് ഐ ആർ ഇടുകയും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
പെൺകുട്ടിയുടെ അമ്മ ദുർഗ മല്ലിക് കാമുകൻ സാംസർ ആലം എന്നിവർ ഒളിവിലാണ്. കൂച്ച് അലിപുർദുവാറിലെ മദാരിഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാംസർ ആലവുമായി ദുർഗ മല്ലിക് കുറച്ച് നാളുകളായി അടുപ്പത്തിലായിരുന്നു.
അർപിതയുടെ വീട്ടിൽ വാടകക്കാരനാണ് സാംസർ. പല സമയങ്ങളിലും കുടുംബത്തിന് പണം കടം നൽകി ഇയാള്‍ സഹായിച്ചിരുന്നു. കാലക്രമേണ, അർപിതയുടെ അമ്മ ദുർഗ മല്ലിക്കുമായി സാംസർ ആലത്തിന്‍റെ ബന്ധം വളർന്നു. അടുത്തിടെയാണ് അർപിത ഇക്കാര്യം അറിഞ്ഞത്. അമ്മയുടെ ബന്ധത്തെ മകൾ എതിർത്തു. വിഷയം മുന്‍നിര്‍ത്തി അമ്മയെ 23കാരി ചോദ്യം ചെയ്‌തു. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. മകളുടെ എതിർപ്പ് വർധിച്ചതോടെ അമ്മയും സാംസറും ചേർന്ന് 23കാരിയെ തല്ലി കൊലപ്പെടുത്തുകയായിരുന്നു.
ദൃക്‌സാക്ഷി പിതൃ സഹോദരൻ : തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് അർപിതയുടെ പിതാവ് ബലറാം മല്ലിക് വീട്ടിൽ ഉണ്ടായിരുന്നില്ല. പിതാവിന്‍റെ സഹോദരനായ ബിമൽ മല്ലിക്, തന്‍റെ സഹോദരന്‍റെ വീട്ടിൽ നിന്ന് സഹോദര പുത്രിയുടെ നിലവിളി കേൾക്കുകയും വന്ന് അന്വേഷിക്കുകയുമായിരുന്നു. ഈ സമയം സഹോദര ഭാര്യയായ ദുർഗ മല്ലിക്കും സാംസർ ആലമും ചേർന്ന് അർപിതയെ മരവടികൊണ്ട് മർദിക്കുന്നത് കാണുകയും ചെയ്‌തു. ഇദ്ദേഹം എത്തിയതോടെയാണ് അവര്‍ ആക്രമണം നിര്‍ത്തിയത്.
പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികളും ഓടിയെത്തി. അർപിത രക്തം വാർന്ന നിലയിൽ തറയിൽ കിടക്കുന്നത് കണ്ട ബിമൽ മല്ലിക് നാട്ടുകാരുടെ സഹായത്തോടെ അവളെ ചങ്രബന്ധ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
അർപിതയുടെ നില ഗുരുതരമായതിനാൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്‌ച സിലിഗുരിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവതി മരിക്കുകയായിരുന്നു. സാംസറുമായുള്ള അമ്മയുടെ ബന്ധം അറിഞ്ഞതിനെ തുടർന്നാണ് അർപിതയെ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് ബിമൽ മല്ലിക്കും നാട്ടുകാരും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിനിടെ സാംസറും ദുര്‍ഗയും കടന്നുകളഞ്ഞു.
Also Read: എയർഹോസ്‌റ്റസിന്‍റേത് കൊലപാതകമെന്ന് ബന്ധുക്കള്‍, ബെംഗളൂരുവിലെ ഫ്ളാറ്റില്‍ നിന്ന് തള്ളിയിട്ടതെന്ന് പരാതി ; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
സംഭവത്തില്‍ മെഖ്‌ലിഗഞ്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിഷയം അറിഞ്ഞ് ചങ്രബന്ധ മേഖല നിവാസികൾ, പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവോ മറ്റു ബന്ധുക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.