കാലാവസ്ഥ വ്യതിയാനവും കൊതുകുകളുടെ വ്യാപനവും തമ്മിലെന്ത് ബന്ധം എന്ന് ചോദിക്കാന്‍ വരട്ടെ. ചെറുതല്ലാത്ത ബന്ധവും ഗുരുതരമായ സാഹചര്യത്തിലേക്ക് നയിക്കുന്നതുമാണ് കാര്യങ്ങളെന്നാണ് പുറത്തുവരുന്ന പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കൊതുക് പരത്തുന്ന രോഗസാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധര്‍ ഈ പഠനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.
കൊതുകുകളുടെ എണ്ണം കുറവുള്ള പ്രദേശങ്ങളിലടക്കം ഇവ കൂടുതലായി കാണപ്പെടുമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൂട് കൂടുന്നതും മറ്റ് കാലാവസ്ഥ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതും കൊതുകുകളുടെ പ്രജനനകാലം നീട്ടാൻ കാരണമാവും. ഇക്കാരണത്താലാണ് കൊതുക് കുറവുള്ള പ്രദേശങ്ങളിലെ ഇവയുടെ പെരുകലിന് കാരണമാവുക. കൊതുക് പരത്തുന്ന രോഗങ്ങൾ സബ് - സഹാറൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ ഇതിനകം തന്നെ വ്യാപകമാണ്. യൂറോപ്പ് പോലുള്ള മേഖലകളിലും കൊതുകിന്റെ എണ്ണം പെരുകുന്നതിന് ഇടയാക്കുമെന്ന് റെക്കിറ്റ് ബെൻകിസറിലെ ഗ്ലോബൽ പെസ്റ്റ് കൺട്രോൾ ഇന്നൊവേഷൻ ആർ ആൻഡ് ഡി ഡയറകട്ര് അവിജിത്ത് ദാസ് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കൊതുക് കൂടുതല്‍ നാടുകളിലേക്ക് രോഗം പടര്‍ത്തും:'താപനില ഉയരുകയും പാരിസ്ഥിതിക സാഹചര്യങ്ങൾ മാറുകയും ചെയ്യുമ്പോൾ, കൊതുക് പരത്തുന്ന രോഗങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. ഒരു പ്രത്യേക സ്ഥലത്ത് കൊതുകുകളുടെ പ്രജനന സമയം വർധിക്കും. ഇത് കൂടുതൽ കൊതുകുകളുടെ വ്യാപനത്തിലേക്ക് നയിക്കും. ഇന്ത്യയിൽ കൊതുക് വ്യാപന കാലയളവ് മുന്‍പ് അഞ്ച് മാസമായിരുന്നു. ഇത് 10 വർഷത്തിനുള്ളിൽ ആറോ ഏഴോ മാസമായി വര്‍ധിച്ചേക്കും'- ദാസ് പറഞ്ഞു. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ പ്രവണത വര്‍ധിക്കുന്നത് തുടരും. സമാനമായ ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്ന് അവിജിത്ത് ദാസ് പറയുന്നു.
താപനിലയിലെ വർധനവ്, മഴയുടെ അളവ്, സമുദ്രനിരപ്പിന്റെ ഉയരം, മഴ, കാറ്റ്, സൂര്യപ്രകാശത്തിന്റെ ദൈർഘ്യം തുടങ്ങിയ കാലാവസ്ഥ ഘടകങ്ങൾ കൊതുക് പെരുകുന്നതിലേക്ക് നയിക്കുന്നു. 'എക്സ്പ്ലൊറേഷന്‍ ഇന്‍ ലബോറട്ടറി അനിമല്‍ സയൻസസ്' എന്ന ജേണലിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം കൊതുക് പരത്തുന്ന രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് ലോക കൊതുക് പ്രോഗ്രാമിലെ (ഡബ്ല്യുഎംപി) എപ്പിഡെമിയോളജിസ്റ്റും ഇംപാക്ട് അസസ്മെന്റ് ഡയറക്ടറുമായ ഡോ. കാറ്റി ആൻഡേഴ്സ് വിശദീകരിക്കുന്നു. എന്നാല്‍, വ്യാപനത്തിന്റെ കണക്ക് എത്രയെന്ന് വ്യക്തമാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.