ന്യൂഡൽഹി:സംസ്ഥാന സർക്കാരുകളുടെ പ്ലസ് ടു ബോർഡുകൾ സ്വതന്ത്രവും സ്വയം ഭരണാധികാരം ഉള്ളവയുമാണെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ ബോർഡുകൾക്കും സമാനരീതിയിലുള്ള മൂല്യനിർണയം വേണമെന്ന് ആവശ്യപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം.
'പ്ലസ് ടു പരീക്ഷ മൂല്യനിർണയത്തിൽ ഏകീകൃത പദ്ധതിയിലേക്ക് പോകാനായി നിർദേശം സുപ്രീം കോടതി മുന്നോട്ട് വക്കുന്നില്ല. എല്ലാ സംസ്ഥാന ബോർഡുകളും വ്യത്യസ്‌തമാണ്. ഓരോ സംസ്ഥാനത്തിന്‍റെയും സ്‌കീമുകൾക്ക് അനുസരിച്ചാകും പ്ലസ്‌ടു മൂല്യനിർണയമെന്നും' സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ഇന്ന് മുതൽ പത്ത് ദിവസത്തിനകം എല്ലാ സംസ്ഥാന ബോർഡുകളും മൂല്യനിർണയരീതി അറിയിക്കണമെന്നും ജൂൺ 31ഓടെ ഇന്‍റേണൽ മൂല്യനിർണയ ഫലം പ്രഖ്യാപിക്കണമെന്നും നിർദേശിച്ചു.
കൊവിഡ് സാഹചര്യത്തിൽ പ്ലസ്‌ടു പരീക്ഷകൾ റദ്ദാക്കണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും സമാന മൂല്യനിർണയ രീതിക്കായി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ അനുഭ സഹായ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
READ MORE:പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി