ന്യൂഡല്‍ഹി:അഭിഭാഷക ചേംബറിനായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് (എസ്‌സിബിഎ) വികാസ് സിങും തമ്മില്‍ കോടതി മുറിയില്‍ വാക്കേറ്റം. സുപ്രീം കോടതിയ്‌ക്ക് ലഭിച്ച 1.33 ഏക്കര്‍ സ്ഥലം അഭിഭാഷകരുടെ ചേംബര്‍ പണിയുന്നതിന് കൈമാറണമെന്ന് വികാസ് സിങ് ശബ്‌ദമുയര്‍ത്തി ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്.
ശബ്‌ദമുയര്‍ത്തിയുള്ള വികാസ് സിങ്ങിന്‍റെ സംസാരത്തില്‍ പ്രകോപിതനായി ഭീഷണിയ്‌ക്ക് വഴങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഡ് വ്യക്തമാക്കി. കേസിനെ കുറിച്ച് പ്രതിപാദിക്കവെ ചീഫ് ജസ്‌റ്റിസും ജസ്‌റ്റിസുമാരായ പിഎസ് നരസിംഹയും ജെബി പര്‍ദിവാലയും ഉള്‍പ്പെട്ട ബെഞ്ചിനോട് വിഷയം ശ്രദ്ധയില്‍പെടുത്താന്‍ ആറുമാസമായി ശ്രമിക്കുകയാണെന്ന് വികാസ് സിങ് സ്വരമുയര്‍ത്തി പറഞ്ഞു. ഇതിന് മുതിര്‍ന്ന അഭിഭാഷകനോട് ഒച്ച ഉയര്‍ത്തരുതെന്നും അല്ലാത്തപക്ഷം കോടതിമുറി വിട്ട് പുറത്ത് പോകണമെന്നും ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെടുകയായിരുന്നു.
ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും അല്ലാത്ത പക്ഷം അഭിഭാഷകരുമായി എത്തി ജഡ്‌ജിമാരുടെ വസതികള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും വികാസ് സിങ് പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് വികാസ് സിങ്ങിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. മുന്‍ ചീഫ് ജസ്‌റ്റിസ് എൻവി രമണയുടെ കാലത്താണ് ഈ ഭൂമിയിൽ നിർമാണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി വിഷയം പട്ടികപ്പെടുത്താൻ ഞങ്ങൾ പാടുപെടുകയാണ്. അപ്പോള്‍ ഒരു സാധാരണ വ്യവഹാരക്കാരനെ പോലെയാണ് എന്നോട് പെരുമാറുന്നതെന്നായിരുന്നു സിങിന്‍റെ വാദം.
എന്നാല്‍ ഇങ്ങനെ ഭൂമി ആവശ്യപ്പെടാനാവില്ലെന്നും ഞങ്ങൾ വെറുതെ ഇരിക്കുന്ന ദിവസം നിങ്ങൾ ഞങ്ങളോട് പറയൂ എന്നും ചീഫ് ജസ്‌റ്റിസ് ഇതിന് മറുപടി നല്‍കി. എന്നാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ വെറുതെ ഇരിക്കുകയാണെന്നല്ല താന്‍ പറഞ്ഞതെന്നും വിഷയം പട്ടികപെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും സിങ് ഇതിനോട് പ്രതികരിച്ചു. ഇത് നടക്കുന്നില്ലെങ്കില്‍ ഇത് ഞാന്‍ യജമാനന്‍മാരുടെ വസതികളിലേക്ക് കൊണ്ടുവരാമെന്നും അല്ലാതെ ബാര്‍ ഇതുപോലെ കൊണ്ടുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സിങ് ശബ്‌ദമുയര്‍ത്തി.