ന്യൂഡൽഹി: തന്‍റെ പിന്‍ഗാമിയായി ജസ്റ്റിസ് എൻ.വി രമണയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. 48-ാമത് ചീഫ് ജസ്റ്റിസായി എൻ.വി രമണയെ നിയമിക്കണമെന്ന് വ്യക്തമാക്കി ബുധനാഴ്ച കേന്ദ്രത്തിന് ബോബ്ഡെ കത്തയയ്ക്കുകയായിരുന്നു. ബോബ്ഡെ കഴിഞ്ഞാല്‍ രമണയ്ക്കാണ് സീനിയോറിറ്റി.
ജസ്റ്റിസ് എൻ.വി രമണയെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് എസ്.എ ബോബ്ഡെ - CJI Bobde
ജസ്റ്റിസ് എൻ.വി രമണയെ 48-ാമത് ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് കേന്ദ്ര സർക്കാരിന് ബോബ്ഡെയുടെ കത്ത്.
ഏപ്രിൽ 23നാണ് എസ്.എ ബോബ്ഡെ വിരമിക്കുന്നത്. അതുമുതല്‍ രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെ പ്രസ്തുത പദവി വഹിക്കാം. അതായത് ഒരു വര്‍ഷവും നാല് മാസവുമായിരിക്കും കാലാവധി. 2000 ല്‍ ആന്ധ്ര ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ രമണ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി. ശേഷം 2014 ലാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്.
അടുത്ത ചീഫ് ജസ്റ്റിസിന്‍റെ പേര് നിര്‍ദേശിക്കാനാവശ്യപ്പെട്ട് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എസ് എ ബോബ്ഡെയ്ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് രമണയുടെ പേര് അദ്ദേഹം ശുപാര്‍ശ ചെയ്തത്.