ന്യൂഡല്‍ഹി:പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍ക്കിടെ കേന്ദ്രസേനയുടെ വെടിയേറ്റ് നാല് പേര്‍ മരിച്ചതില്‍ വിശദീകരണവുമായി സിഐഎസ്എഫ്. ജവാന്മാര്‍ വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥമാണെന്ന് സിഐഎസ്എഫ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പോളിങ്ങ് ബൂത്തിന് പുറത്ത് വച്ച് ആള്‍ക്കൂട്ടം ജവാന്മാരെ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ആയുധങ്ങളും പോളിങ്ങ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കാന്‍ വെടിയുതിര്‍ക്കാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. സൈനികര്‍ ആറ് മുതല്‍ എട്ട് റൗണ്ട് വരെ വെടിയുതിര്‍ത്തതായും സിഐഎസ്എഫ് വക്താവ് പറഞ്ഞു.
കൂച്ച് ബെഹാറില്‍ വെടിവച്ചത് ആത്മരക്ഷാര്‍ഥമെന്ന് സിഐഎസ്എഫ് - ബംഗാള്‍ തെരഞ്ഞെടുപ്പ്
'ആള്‍ക്കൂട്ടം ജവാന്മാരെ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. വെടിയുതിര്‍ക്കാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല'
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന കൂച്ച് ബെഹാര്‍ ജില്ലയിലെ സീതല്‍കുച്ചി മണ്ഡലത്തിലായിരുന്നു സംഭവം. 126ാം നമ്പര്‍ ബൂത്തിന് മുന്നിലുണ്ടായ സിഐഎസ്എഫ് വെടിവയ്പ്പില്‍ നാല് പേരാണ് മരിച്ചതെന്ന് കൂച്ച് ബെഹാര്‍ എസ്പി സ്ഥിരീകരിച്ചു. രാവിലെ 9.30 വരെ ബൂത്തില്‍ പോളിങ്ങ് സമാധാനപരമായി പുരോഗമിക്കുകയായിരുന്നു. വോട്ട് ചെയ്യാന്‍ വരിയില്‍ നിന്നയാള്‍ കുഴഞ്ഞ് വീണതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. വോട്ട് ചെയ്യാനെത്തിയ ആളെ കേന്ദ്ര സേനാംഗം ആക്രമിച്ചതായി പ്രചാരണം നടന്നു. പിന്നാലെ മുന്നൂറിലധികം വരുന്ന പ്രദേശവാസികള്‍ സംഘടിച്ച് ജവാന്മാരെ ആക്രമിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെയാണ് ജവാന്മാര്‍ വെടിയുതിര്‍ത്തത്.
സംഘര്‍ഷത്തിനും വെടിവയ്പ്പിനും പിന്നാലെ 126ാം ബൂത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകരില്‍ നിന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൂച്ച് ബെഹാറില്‍ റാലി നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകരുടെ വീടുകളിലും മമത സന്ദര്‍ശനം നടത്തും. സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഖം രേഖപ്പെടുത്തിയിരുന്നു.